• Home
  • News
  • 50 ലക്ഷം രൂപയുടെ സഹായങ്ങള്‍ എത്തിക്കുമെന്ന് വാള്‍മാക്‌സ് ട്രേഡിങ് കമ്പനി

50 ലക്ഷം രൂപയുടെ സഹായങ്ങള്‍ എത്തിക്കുമെന്ന് വാള്‍മാക്‌സ് ട്രേഡിങ് കമ്പനി

ദോഹ: കേരളത്തിലെ മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്് 50 ലക്ഷം രൂപയുടെ സഹായങ്ങള്‍ എത്തിക്കുമെന്നും ഇതില്‍ പത്ത് ലക്ഷത്തിന്റെ ആദ്യഘട്ട സഹായങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞതായും വാള്‍മാക്‌സ് ട്രേഡിങ് കമ്പനി മാനേജിങ് പാര്‍ട്ണര്‍ ഷംസുദ്ദീന്‍ എടവണ്ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട്ടിലാണ് ആദ്യഘട്ടത്തിലുള്ള സഹായം എത്തിച്ചത്. വാള്‍മാക്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേനയാണ് ജില്ലയിലെ മാനന്തവാടി, കല്‍പറ്റ എന്നിവിടങ്ങളിലുള്ള ദുരിതാശ്വാസക്യാമ്പുകളില്‍ സഹായ വിതരണം നടത്തിയത്. തോട്ടംതൊഴിലാളികളും കൂലിപ്പണിക്കാരുമടങ്ങുന്ന പാവപ്പെട്ടവരാണ് വയനാട്ടില്‍ കൂടുതലായി പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്നത്. ഇതിനാലാണ് അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോഴിക്കോട് ജെ.ഡി.ടി ഹാളില്‍ 5,000 ഭക്ഷണക്കിറ്റുകള്‍ തയാറായി വരികയാണ്. എല്ലാ അവശ്യ സാധനങ്ങളും അടങ്ങുന്ന കിറ്റൊന്നിന് 665 രൂപയാണ് ചെലവ്.

പ്ലാസ്റ്റിക് ബക്കറ്റിലാണ് സാധനങ്ങള്‍ എത്തിക്കുകയെന്നും ബക്കറ്റുകള്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയുമെന്നതിനാലാണ് ഇതെന്നും മൊത്തം 32 ലക്ഷം കിറ്റിനായി ചെലവഴിക്കുമെന്നും ഷംസുദ്ദീന്‍ പറഞ്ഞു. പെരുന്നാളും ഓണവും ആഘോഷിക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാകുടുംബങ്ങളിലും ഭക്ഷണം എത്തിക്കുകയാണ് ലക്ഷ്യം. പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യും. വയനാട് ജില്ലാകലക്ടറുടെ അഭ്യര്‍ഥന മാനിച്ച് ഷംസുദ്ദീന്‍ എടവണ്ണയുടെ ബിസിനസ് പാര്‍ട്ണറും ഖത്തറിലെ കേരള ഫുഡ്‌സെന്റര്‍ ഉടമയുമായ ഉള്ളടത്ത് അബ്ദുല്ലയുടെ നേതൃത്വത്തില്‍ അദ്ദേഹത്തന്റെ കമ്പനി നേരത്തേ വയനാട്ടില്‍ 16 ടണ്‍ അരി വിതരണം ചെയ്തിരുന്നു. മറ്റു കമ്പനികള്‍ക്ക് കൂടി ദുരിതബാധിതരെ സഹായിക്കാന്‍ പ്രചോദനമാകട്ടെ എന്ന നിലയ്ക്കാണ് ഖത്തറിലെ ചെറുകിട സ്ഥാപനമായ തങ്ങള്‍ ഈ പ്രവൃത്തി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കുന്നതെന്നും ഷംസുദ്ദീന്‍ പറഞ്ഞു. ഷൗക്കത്ത്, മജീദ് മൂത്തേടം, അബ്ദുല്‍ഫത്താഹ് നിലമ്പൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു.