• Home
  • News
  • പ്രളയക്കെടുതിയിൽപ്പെട്ട് രേഖകൾ നഷ്ടമായ പ്രവാസികളുടെ കാര്യത്തിൽ ഇടപെടുമെന്ന് യു.എ

പ്രളയക്കെടുതിയിൽപ്പെട്ട് രേഖകൾ നഷ്ടമായ പ്രവാസികളുടെ കാര്യത്തിൽ ഇടപെടുമെന്ന് യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി

അബുദാബി: കേരളത്തിലെ പ്രളയക്കെടുതിയിൽപ്പെട്ട് രേഖകൾ നഷ്ടമായ പ്രവാസികളുടെ കാര്യത്തിൽ ഇന്ത്യൻ എംബസി ഇടപെടുമെന്ന് യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി പത്രസമ്മേളനത്തിൽ അറിയിച്ചു.

നിരവധി പ്രവാസികളാണ് ഈ സമയത്ത് നാട്ടിൽ അവധിക്ക് പോയിട്ടുള്ളത്. ഇവരിൽ പ്രളയക്കെടുതിയിൽ പാസ്പോർട്ട്, വിസ എന്നിവയടക്കമുള്ള പ്രധാനരേഖകൾ നഷ്ടമായവരുണ്ടെങ്കിൽ അവരുടെ പ്രശ്നങ്ങൾ എംബസി മുൻകൈയെടുത്ത് പരിഹരിക്കും. നഷ്ടമായ പാസ്പോർട്ട് പുതുക്കിയെടുക്കുന്ന കാലയളവിനുള്ളിൽ വിസ കാലാവധി കഴിഞ്ഞ് പോകുന്നവർക്കുവേണ്ടിയും എംബസി ബന്ധപ്പെട്ട അധികാരികളോട് സംസാരിക്കും. ഇതുവരെ ഇത്തരത്തിൽ പരാതികളുമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്നും സൂരി പറഞ്ഞു. യു.എ.ഇ.യിൽനിന്ന് അവധിക്ക് നാട്ടിലേക്കുപോയി.

പ്രളയം കാരണം വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപേ തിരിച്ചെത്താൻ കഴിയാതെ വരുന്ന വിദ്യാർഥികളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയത്തിലും എമിറേറ്റുകളിലെ വിദ്യാഭ്യാസ അതോറിറ്റികളിലും അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ച കുട്ടികൾക്ക് അവധി അനുവദിച്ചു നൽകാനാണ് അപേക്ഷ നൽകിയിട്ടുള്ളത്. നിരവധി കുട്ടികളാണ് അവധിക്ക് നാട്ടിലേക്ക് പോയിട്ടുള്ളത്. ഇവരിൽ എത്രപേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്ന് ഇതുവരെ കണക്കുകളൊന്നും ലഭിച്ചിട്ടില്ലെന്നും സൂരി വ്യക്തമാക്കി.

കേരളത്തിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി അയക്കുന്ന തിരക്കിലാണ് പ്രവാസികൾ. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഇതര രാജ്യക്കാരും സേവനപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതായി അറിഞ്ഞു. എന്നാൽ സാധനങ്ങൾ വാങ്ങി അയക്കുന്നതിനുപകരം പണം അയക്കാനാണ് കേരള ഗവണ്മെന്റ് താത്‌പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സൗജന്യമായി അയക്കുന്നതിനുള്ള സൗകര്യം ലുലു ഇന്റർനാഷണൽ എക്സ്‌ചേഞ്ച്, യു.എ.ഇ. എക്സ്‌ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പുനർനിർമാണപ്രവർത്തനങ്ങളിൽ പ്രതിഫലേച്ഛയില്ലാതെ ഭാഗമാവാൻ സന്നദ്ധതയറിയിച്ചുകൊണ്ട് നിരവധിപേരാണ് സമീപിക്കുന്നത്. ഡോക്ടർ, ഇലക്‌ട്രീഷ്യൻ തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ ഒന്നോ രണ്ടോ മാസത്തേക്ക് കേരളത്തിനുവേണ്ടി പ്രവർത്തിക്കാൻ തയ്യാറാണ്. നോർക്ക ഡയറക്ടറുമായി ബന്ധപ്പെട്ട് ഇവർക്കായി പ്രത്യേക പോർട്ടൽ ആരംഭിച്ച് ബയോഡേറ്റ സമർപ്പിക്കാനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്നും സൂരി പറഞ്ഞു.