• Home
  • News
  • സ്കൂളുകൾ സെപ്റ്റംബർ രണ്ടിന് ഞായറാഴ്ച തുറക്കും

സ്കൂളുകൾ സെപ്റ്റംബർ രണ്ടിന് ഞായറാഴ്ച തുറക്കും

അബുദാബി: സ്കൂളുകൾ വീണ്ടും സജീവമാകാൻ പോവുകയാണ്. യു.എ.ഇ. യിലെ മിക്കവാറും എല്ലാ സ്കൂളുകളും സെപ്റ്റംബർ രണ്ടിന് ഞായറാഴ്ച തുറക്കും.

യു.എ.ഇ.യിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന നൂറുകണക്കിന് മലയാളി വിദ്യാർഥികളാണ് ഈ വേനലവധിക്ക് നാട്ടിൽപ്പോയിട്ടുള്ളത്. ഇവരിൽ ഒട്ടേറെപ്പേർക്ക് കേരളത്തിലെ പ്രളയംകാരണം യാത്ര വൈകിയേക്കാം. അവർക്ക് സ്കൂളിൽ വരാൻ രണ്ടാഴ്ചയോളം സമയം നീട്ടിനൽകാൻ ഇന്ത്യൻ എംബസി യു.എ.ഇ. വിദ്യാഭ്യാസവകുപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പാസ്പോർട്ടും വിസയും നഷ്ടമായവർക്ക് അവ വീണ്ടെടുക്കാനുള്ള സൗകര്യങ്ങളും ഇന്ത്യൻ മിഷന്റെ നേതൃത്വത്തിൽ നടക്കുന്നു. ഇത്തരത്തിൽ എത്രയാളുകളുടെ യാത്ര വൈകുമെന്നകാര്യത്തിൽ കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.

നെടുമ്പാശ്ശേരിയിലെ കൊച്ചി വിമാനത്താവളം 29-ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നുള്ളവരടക്കം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ടിക്കറ്റ് മാറ്റിയെടുത്തതാണ് യാത്രയ്ക്കൊരുങ്ങുന്നത്.

നാട്ടിലെ മഴക്കാലത്തിൽനിന്ന് യു.എ.ഇ.യിലെ ചൂടിലേക്കാണ് കുടുംബങ്ങൾ അവധി കഴിഞ്ഞെത്തുന്നത്.ഒാഗസ്റ്റ് 26 മുതൽ യു.എ.ഇ. വിദ്യാലയങ്ങളിൽ അധ്യാപക, അനധ്യാപക ജീവനക്കാരുടെ പ്രവർത്തിദിനങ്ങൾ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 2018-19 കലണ്ടർ പ്രകാരം ഡിസംബർ 16- ന് സ്കൂളുകളിൽ ശീതകാല അവധിക്ക് തുടക്കമാവും. 2019 ജനുവരി മൂന്നിന് അധ്യാപക- അനധ്യാപക ജീവനക്കാർ ജോലിയിൽ പ്രവേശിക്കണം. ജനുവരി ആറിന് വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. മാർച്ച് 31 മുതൽ ഏപ്രിൽ 14 വരെ അവധിയായിരിക്കും. ജൂലായ് നാലിന് വിദ്യാർഥികൾക്ക് വേനലവധി ആരംഭിക്കും. ജൂലായ് 11 മുതൽ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അവധിയാരംഭിക്കും.

Related News

Entertainment