• Home
  • News
  • ഇന്ധനവിലക്കുതിപ്പ്; ഈ മാസം മാത്രം 2 രൂപയിലേറെ വർധന

ഇന്ധനവിലക്കുതിപ്പ്; ഈ മാസം മാത്രം 2 രൂപയിലേറെ വർധന

കൊച്ചി: കേരളം പ്രളയക്കെടുതിയില്‍ നട്ടം തിരിഞ്ഞ ദിവസങ്ങളിലടക്കം കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിയം കമ്പനികള്‍ ഡീസലിനും പെട്രോളിനും കൂട്ടിയത് രണ്ടര രൂപയോളം. തിങ്കളാഴ്ച ഡീസലിന് ലിറ്ററിന് 15 പൈസയും പെട്രോളിന് 13 പൈസയും വീണ്ടും കൂട്ടിയതോടെ കൊച്ചിയില്‍ പെട്രോള്‍ വില 80.30 രൂപയും ഡീസലിന് 72.90 രൂപയുമായി. ജൂലൈ 24 മുതല്‍ പെട്രോളിന് 2.51 രൂപയും ഡീസലിന് 2.26 രൂപയുമാണ് കൂട്ടിയത്. കേരളത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനും ദുരന്ത നിവാരണത്തിനും ഇറങ്ങിയ വാഹനങ്ങളെയും ബോട്ടുകളെയും വള്ളങ്ങളെയും അടക്കമാണ് വില കൂട്ടി കൊള്ളയടിച്ചത്.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണു കാരണം. ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തി. രൂപയുടെ മൂല്യം ഇടിയുന്നതിനാൽ ഇറക്കുമതിച്ചെലവേറുന്നതും ഇന്ധനവിലർധനയ്ക്കു കാരണമാകുന്നുണ്ട്. ഇന്ധനവില ഏറ്റവും കുറവുള്ള ഡൽഹിയിൽ ഇന്നലെ പെട്രോൾ, ഡീസൽ വിലകൾ റെക്കോർഡിലെത്തിയിരുന്നു.

കഴിഞ്ഞ നാലു ദിവസവും വില ഉയർന്നു. 26 നു പെട്രോൾ വില 11 പൈസയും ഡീസൽ വില 14 പൈസയും കൂടി. ഈ മാസം ആദ്യ ആഴ്ചയിൽ  ഡീസൽ വിലയിൽ 78 പൈസ കൂടിയിരുന്നു. 68 പൈസ പെട്രോൾ വിലയും ഉയർന്നു. ജൂലൈയിൽ ഡീസൽവില 50 പൈസയാണ് ഉയർന്നതെങ്കിൽ ഈ മാസം രണ്ടര രൂപയോളം വർധിച്ചു. പെട്രോൾ വിലയിലും രണ്ടു രൂപയുടെ വർധന ഓഗസ്റ്റിൽ ഇതുവരെയുണ്ട്.  പ്രളയ ദിനങ്ങളിലും വില നേരിയ തോതിൽ വർധിച്ചിരുന്നു. ഓഗസ്റ്റിൽ ഇതുവരെ, ഒരു പൈസയുടെ  കുറവുപോലും ഇന്ധന വിലയിൽ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.