ഒമാനി ഖഞ്ചർ യുനെസ്കോയുടെ പൈതൃകപട്ടികയിൽ
മസ്കത്ത് : ഒമാനി ഖഞ്ചർ യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. മൊറോക്കോയിൽ നടക്കുന്ന അദൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർ ഗവൺമെന്റൽ കമ്മിറ്റിയുടെ 17ാമത് സെഷനിലാണ് അദൃശ്യ സാംസ്കാരിക പൈതൃകപട്ടികയിൽ ഒമാനി ഖഞ്ചറിനെ ഉൾപ്പെടുത്തിയത്.
ദേശീയവും മതപരവുമായ ചടങ്ങുകളിലും വിവാഹങ്ങൾപോലുള്ള പ്രത്യേക അവസരങ്ങളിലും ഒമാനിലെ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തിന്റെ ഭാഗമാണ് ഖഞ്ചർ. ഒമാനി സംസ്കാരത്തിന്റെ പ്രധാന ഘടകമെന്ന നിലയിൽ ഇതിന്റെ നിർമാണത്തിന് കാര്യമായ അറിവും കഴിവും അത്യാവശ്യമാണ്. അരക്ക് ചുറ്റുമുള്ള ബെൽറ്റിലാണ് ഖഞ്ചർ ഘടിപ്പിക്കുക.
ഒമാന്റെ ചരിത്രവും പൈതൃകവും സംസ്കാരവുമായെല്ലാം ചേർന്നു നിൽക്കുന്നതാണ് ഖഞ്ചറുകളുടെ പ്രാധാന്യം. പരമ്പരാഗത വേഷത്തിനൊപ്പം ഖഞ്ചർ കൂടി അണിയാതെ ഒമാനികളുടെ ആചാരങ്ങളോ വിശേഷ അവസരങ്ങളോ പൂർണമാകില്ല. നൂറ്റാണ്ടുകളായി പാരമ്പര്യമൂല്യങ്ങൾ കൊണ്ട് ഇഴചേർത്തിരിക്കുന്ന ബന്ധമാണത്. 15ാം നൂറ്റാണ്ടിലൊക്കെ ഒമാനികൾ ഖഞ്ചർ ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. 1672ൽ ഇമാം സുൽത്താൻ ബിൻ സെയ്ഫ് അൽ യാറബി ഖഞ്ചർ ഉപയോഗിച്ചിരുന്നതായി ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകളിലുണ്ട്.
1680 കളിൽ ഒമാൻ സന്ദർശിച്ച യൂറോപ്യൻ, ജർമൻ സഞ്ചാരികളുടെ വിവരണങ്ങളിലും ബ്രിട്ടീഷ് ക്യാപ്റ്റൻ അലക്സാണ്ടർ ഹാമിൽട്ടന്റെ കുറിപ്പുകളിലുമെല്ലാം ഖഞ്ചറും ഒമാനികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഖഞ്ചറുകൾ സുൽത്താനേറ്റിന്റെ ദേശീയ പതാകയിലും ഇടംപിടിച്ചിട്ടുണ്ട്. ഒമാന്റെ വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത ശൈലികളിലാണ് ഖഞ്ചറുകൾ നിർമിക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.