ചരിത്രത്തിലേക്ക് അൽ റയാൻ; മെസ്സിക്കൊപ്പം
ദോഹ∙ അൽ റയാനിലെ അഹമദ് ബിൻ അലി സ്റ്റേഡിയത്തിന്റെ ഗാലറിയിൽ 45,032 കാണികൾ. അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ കരിയറിൽ മത്സരങ്ങളുടെ എണ്ണം ആയിരം. സ്റ്റേഡിയത്തിൽ നടക്കുന്ന ഇൗ ലോകകപ്പിലെ അവസാന മത്സരവും.
ശനിയാഴ്ച രാത്രി നടന്ന പ്രീ-ക്വാർട്ടറിൽ അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തോടെയാണ് സ്റ്റേഡിയത്തിലെ ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചത്. ഗ്രൂപ്പ് ഘട്ടം മുതൽ പ്രീ-ക്വാർട്ടർ വരെയുള്ള 7 മത്സരങ്ങൾക്കാണ് സ്റ്റേഡിയം വേദിയായത്.
നവംബർ 21ന് ആദ്യ മത്സരത്തിൽ യുഎസ്എയും വെയിൽസും തമ്മിലാണ് ഏറ്റുമുട്ടിയത് തുടർന്ന് ബെൽജിയം-കാനഡ, വെയിൽസ്-ഇറാൻ, ജപ്പാൻ-കോസ്റ്റാറിക്ക, വെയിൽസ്-ഇംഗ്ലണ്ട്, ക്രൊയേഷ്യ-ബെൽജിയം മത്സരങ്ങൾക്കും വേദിയായി. ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിലെ 20,000 സീറ്റുകൾ അവികസിത രാജ്യങ്ങളിലെ കായിക സൗകര്യങ്ങൾക്കായി സംഭാവന ചെയ്യും.
പ്രാദേശിക ക്ലബ്ബുകളിലൊന്നായ അൽ റയാൻ സ്പോർട്സ് ക്ലബ്ബിന്റെ ആസ്ഥാനം കൂടിയാണ് ഈ സ്റ്റേഡിയം. പഴയ അഹമ്മദ് ബിൻ അലി സ്റ്റേഡിയം പൂർണമായും പൊളിച്ചു മാറ്റി മരുഭൂമിയിലെ മണൽക്കൂനകളുടെ ആകൃതിയിൽ 2020 ഡിസംബർ 18നാണ് പുതിയത് നിർമിച്ചത്.
അൽ ബലാഗ് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ്, ഇന്ത്യയുടെ ലാർസൺ ആൻഡ് ടൂബ്രോ ലിമിറ്റഡും (എൽആൻഡ്ടി) ചേർന്നുള്ള കൺസോർഷ്യമാണ് നിർമിച്ചത്. ഖത്തറിന്റെ കണ്ണാടി എന്നു വിശേഷിപ്പിക്കുന്ന അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ കയ്യൊപ്പുമുണ്ട്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.