• Home
  • News
  • നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ചൂട് അകറ്റാനുള്ള പ്രത്യേക വസ്ത്രം

നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ചൂട് അകറ്റാനുള്ള പ്രത്യേക വസ്ത്രം

ദോഹ : ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ചൂട് അകറ്റാനുള്ള പ്രത്യേക വസ്ത്രവുമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി രംഗത്ത്. ചൂടിനെ തണുപ്പാക്കി മാറ്റാൻ സാധിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് നിർമ്മാണ തൊഴിലാളികൾക്കായി അധികൃതർ ഒരുക്കിയിരിക്കുന്നത്.

യുകെ ആസ്ഥാനമായ കമ്പനി ടെക്നീഷേ വികസിപ്പിച്ചതാണു ശരീരോഷ്മാവ് 15 ഡിഗ്രി സെൽഷ്യസ് വരെയായി കുറയ്ക്കാനാവുന്ന ശീതീകൃത വസ്ത്രം. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ വസ്ത്രം ചൂട് കുറയ്ക്കുന്നതിൽ വളരെയധികം ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു.

അതികഠിനമായ ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ശീതീകൃത വസ്ത്രം കൊണ്ടു കഴിയുമെന്നും സുപ്രീം കമ്മിറ്റി വർക്കേഴ്സ് വെൽഫെയർ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മഹ്മൂദ് ഖുത്തുബ് പറഞ്ഞു.

ഖത്തറിന്റെ അന്തരീക്ഷത്തിനു യോജിച്ച തരത്തിലുള്ള ശീതീകൃത വസ്ത്രമാണ് ഇതെന്നും തൊഴിലാളികളുടെ ജീവിതത്തെ സംരക്ഷിക്കാനായി പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 3,500 ശീതീകൃത വസ്ത്രങ്ങൾ ഇതിനകം കമ്മറ്റി ലഭ്യമാക്കിയിട്ടുണ്ട്. കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ഇതു ലഭ്യമാക്കുക. എയർ കൂൾ സ്യൂട്ടിന്റെ നിർമ്മാണം കൂടുതൽ വർധിപ്പിക്കാൻ സുപ്രീം കമ്മിറ്റിയും ടെക്നീഷേയും ചേർന്ന് പുതിയ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. തൊഴിലാളികൾക്കു വേണ്ടി ആദ്യമായാണ് എയർ കൂൾ സ്യൂട്ട് വികസിപ്പിക്കുന്നത്.

തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യവും മുൻനിർത്തിയാണ് സുപ്രീം കമ്മിറ്റി പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. 2022 ലോകകപ്പുമായി ബന്ധപ്പെട്ട് നിർമ്മാണ മേഖലയിലുള്ള തൊഴിലാളികളെ ഖത്തർ സംരക്ഷിക്കുന്നില്ലെന്ന് ആരോപണങ്ങൾ ഉയരുമ്പോഴാണ് ഭരണകുടം പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.