കുവൈത്തിലേക്ക് വരുന്നവർക്ക് കീശ കാലിയാകും
കുവൈത്ത് സിറ്റി:പുതുതായി ടിക്കറ്റ് എടുത്ത് കുവൈത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് വൻ തുകയാണ് ചെലവാക്കേണ്ടിവരുക. ടിക്കറ്റ് ബുക്കിങ് നടക്കുന്നുണ്ടെങ്കിലും രണ്ടാം തീയതി വരെ ഇക്കോണമി ക്ലാസ് ലഭിക്കാൻ വിരളമായ സാധ്യത മാത്രമാണുള്ളത്. അതേസമയം, കുവൈത്തിൽനിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
ആഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെല്ലാം എല്ലാ കമ്പനികളും കൊച്ചി- കുവൈത്ത് റൂട്ടിൽ വലിയ നിരക്കാണ് ഇൗടാക്കുന്നത്. 220 ദീനാറിന് മുകളിലാണ് ടിക്കറ്റ് നിരക്ക്.അതേസമയം, കൊച്ചിയിലേക്കുള്ള നിരക്ക് 100 ദീനാറിൽ താഴെയായിട്ടുണ്ട്. ചില ദിവസങ്ങളിൽ 50 ൽ താഴെ ദീനാറിനും കൊച്ചിയിലേക്ക് പോകാൻ സാധിക്കുമെന്ന് എറ്റേണിറ്റി ട്രാവൽസ് മാനേജർ അസ്ലം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ബലിപെരുന്നാൾ, ഒാണം അവധികളും കുവൈത്തിൽ സ്കൂൾ തുറക്കുന്നതും കണക്കിലെടുത്ത് യാത്രക്കാരുടെ വൻ തിരക്കാണുള്ളത്.ഇൗ സാഹചര്യത്തിൽ സെപ്റ്റംബർ 10 വരെ കൊച്ചിയിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രക്ക് കൈപൊള്ളും. അതേസമയം, സെപ്റ്റംബർ പകുതിയോടെ ടിക്കറ്റ് നിരക്കിൽ വൻ കുറവുവരുന്നുണ്ട്.