• Home
  • News
  • പ്രളയക്കെടുതി: ആകെ മരണം 483; ഇനി വേണ്ടത് പുനരധിവാസമെന്ന് മുഖ്യമന്ത്രി

പ്രളയക്കെടുതി: ആകെ മരണം 483; ഇനി വേണ്ടത് പുനരധിവാസമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. പ്രളയത്തില്‍ 483 പേര്‍ മരിച്ചതായും 14 കാണാതായതായും മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം ആളപായം കുറച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 16ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപിലെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഭൂപ്രകൃതി ദുരന്തത്തിന്റെ ആഴം കൂട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതര്‍ക്ക് 10000 രൂപ ധന സഹായം നല്‍കിത്തുടങ്ങിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. മണ്‍സൂണിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ ദുരന്തങ്ങള്‍ വിതച്ച കാലവര്‍ഷം ആഗസ്റ്റ് മാസമാവുമ്പോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്. ഈ ദുരിതത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവിതം അതീവ ദുരിതമായി മാറുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോര നീരാക്കി സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പലര്‍ക്കും അഭിമുഖീകരിക്കേണ്ടിവന്നിരിക്കുകയാണ്. തങ്ങളുടെ ദുരന്തത്തെ താങ്ങാനാവാതെ മരണപ്പെട്ടവരും ഉണ്ട് എന്നത് ദുരന്തത്തിന്റെ നിജസ്ഥിതിയെ പുറത്തുകൊണ്ടുവരുന്നതാണ്.കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍,വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍ തുടങ്ങിയവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി. അതിന്റെ ഫലമായി483പേരുടെ ജീവന്‍ ഇത് കവരുകയും ചെയ്തു.14പേരെ കാണാതായിട്ടുണ്ട്.140പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. കാലവര്‍ഷം ശക്തമായ ആഗസ്റ്റ്21ന്3,91,494കുടുംബങ്ങളിലായി14,50,707പേര്‍ വരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജീവിക്കേണ്ട നിലയിലേക്ക് അത് എത്തുകയും ചെയ്തു.

സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ് മരണസംഖ്യ താരതമ്യേന കുറയ്ക്കുന്ന സാഹചര്യം രൂപപ്പെടുത്തിയത്. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു നാട് ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് മറിഞ്ഞും മറ്റും പോലും അപകടത്തില്‍പ്പെട്ടു. എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെ എന്നപോലെ രക്ഷപ്പെടുത്താന്‍ സാഹസികമായി നടത്തിയ പരിശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും നമുക്ക് ബിഗ് സല്യൂട്ട് നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു.

Related News

Entertainment