• Home
  • News
  • ഗൾഫിലെ സ്കൂളുകൾ സെപ്റ്റംബർ രണ്ടിനു തുറക്കും

ഗൾഫിലെ സ്കൂളുകൾ സെപ്റ്റംബർ രണ്ടിനു തുറക്കും

അബുദാബി: വേനൽ അവധിക്കുശേഷം ഗൾഫിലെ സ്കൂളുകൾ സെപ്റ്റംബർ രണ്ടിനു തുറക്കും. വിദ്യാർഥികളെ വരവേൽക്കാനുള്ള ഒരുക്കങ്ങളെല്ലാം സ്കൂളുകൾ പൂർത്തിയാക്കി. കേരളത്തിലേതിൽനിന്നു വ്യത്യസ്തമായി ഏപ്രിലിൽ അധ്യയനം തുടങ്ങിയ ഗൾഫിലെ സ്കൂളുകൾ ആദ്യ ടേം പൂർത്തിയാക്കി പരീക്ഷയും നടത്തിയാണു ജൂൺ 24ന് അടച്ചത്.

ഗൾഫിൽ കടുത്ത ചൂട് അനുഭവപ്പെടുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണു മധ്യവേനൽ അവധി. കേരളത്തിൽ ഓണപ്പരീക്ഷ വേണ്ടെന്നുവച്ചതിനാൽ ഗൾഫിലെ വിദ്യാർഥികൾക്കും സ്കൂൾ തുറന്ന ഉടനെ പരീക്ഷയുണ്ടാകില്ലെന്നാണു വിവിധ സ്കൂളുകളിൽനിന്നുള്ള റിപ്പോർട്ട്. പകരം ക്ലാസ് ടെസ്റ്റുകളായിരിക്കും നടത്തുക. ഒക്ടോബർ അവസാനവാരമോ നവംബർ ആദ്യവാരമോ ആയിരിക്കും അർധവാർഷിക പരീക്ഷ. പ്രളയം മൂലം നെടുമ്പാശേരി വിമാനത്താവളം അടച്ചതും പാസ്പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടതും അനവധിപേരുടെ യാത്രയെ ബാധിച്ചതായും ഇത്തരം കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഇളവിനായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിക്കണമെന്നും വിവിധ സംഘടനാ ഭാരവാഹികൾ നേരത്തെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരിയോട് ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നു സ്ഥാനപതി ഉറപ്പുനൽകുകയും ചെയ്തിരുന്നു.

Related News

Entertainment