നാല്പതു വയസ്സ് കഴിഞ്ഞവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കാഴ്ച പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി
കുവൈത്ത് : കുവൈത്തിൽ നാല്പതു വയസ്സ് കഴിഞ്ഞവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനും കാഴ്ച പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി.
കണ്ണടയില്ലാത്ത ഫോട്ടോയാണ് സമർപ്പിക്കുന്നതെങ്കിൽ ഗതാഗതവകുപ്പ് അധികൃതർ നൽകുന്ന ഫോം സഹിതം ഖുർതുബയിലെ കണ്ണു പരിശോധനാ കേന്ദ്രത്തിൽ ചെന്നാണ് സർട്ടിഫിക്കറ്റ് സമ്പാദിക്കേണ്ടത്. അവിടെ പരിശോധന സൗജന്യമായിരിക്കും. ലൈസൻസ് പുതുക്കുന്നതിനു ഗതാഗതവകുപ്പ് ഓഫിസിൽ പാസ്പോർട്ട്, സിവിൽ ഐഡി, രണ്ട് പാസ്പോർട്ട് സൈസ് ഫൊട്ടോ, ജോലി ചെയ്യുന്ന കമ്പനിയുടെ സമ്മതപത്രം അല്ലെങ്കിൽ ജോലി ചെയ്യുന്ന മന്ത്രാലയത്തിന്റെ കത്ത്, തൊഴിൽ മന്ത്രാലയം അനുവദിച്ച വർക്ക് പെർമിറ്റ്, കണ്ണും രക്തവും പരിശോധിച്ചതിന്റെ റിപ്പോർട്ട് എന്നിവ ഹാജരാക്കണം.
പുതിയ ലൈസൻസിന് അപേക്ഷിക്കുകയാണെങ്കിൽ അവയ്ക്കു പുറമെ ബിരുദ സർട്ടിഫിക്കറ്റ്, 400 ദിനാറിൽ കുറയാത്ത ശമ്പള സർട്ടിഫിക്കറ്റ് എന്നിവ കൂടി ഹാജരാക്കണം. ഇളവ് അനുവദിക്കപ്പെട്ട തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഇതു ബാധകമല്ല.