• Home
  • News
  • സൗദി: സ്വപ്‌ന പദ്ധതിയായ നിയോമിലെ ടൂറിസം മേധാവിയായി ഇന്ത്യന്‍ വംശജയായ ആരാധന കൗള ന

സൗദി: സ്വപ്‌ന പദ്ധതിയായ നിയോമിലെ ടൂറിസം മേധാവിയായി ഇന്ത്യന്‍ വംശജയായ ആരാധന കൗള നിയമിതയായി

ജിദ്ദ: ഇന്ത്യന്‍ വംശജയായ ആരാധനാ കൗള സൗദിയുടെ സ്വപ്ന പദ്ധ്വതിയുടെ ഉന്നത സ്ഥാനത്ത് നിയമിതയായി. സൗദി കിരീടാവകാശിയും ഉന്നത സാമ്പത്തിക കാര്യങ്ങളുടെ സാരഥിയുമായ മുഹമ്മദ് സല്‍മാന്‍ രാജകുമാരന്‍ ആവിഷ്‌കരിച്ച ‘നിയോം’ നഗരത്തിന്റെ ടൂറിസം മാനേജിങ് ഡയറക്ടര്‍ ആയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ സ്ഥിരതാമസക്കാരിയായ ആരാധനാ കൗള എന്ന 46 കാരിയെ നിയമിച്ചിരിക്കുന്നത്.

സൗദി വിഷന്‍ 2030 യുടെ ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിത ഗതിയില്‍ നടന്നു വരികയാണ്. മലയാളം ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ഭാഷകളിലും ഫ്രഞ്ച്, ഇംഗ്ലീഷ് എന്നിവയിലും പ്രാവീണ്യയായ ആരാധന കൗള ടൂറിസം ലോകത്തെ അതുല്യ വ്യക്തിത്വമായാണ് കണക്കാക്കപ്പെടുന്നത്. ലോക ടൂറിസം ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയുടെ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി പ്രവര്‍ത്തിച്ചയാളാണ് ഇവര്‍. സി എന്‍ ബി സി ചാനലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് സംയുക്തമായി ഏര്‍പ്പെടുത്തിയ 21 ആം നൂറ്റാണ്ടിന്റെ ഐക്കണ്‍ അവാര്‍ഡും ടൂറിസം ലീഡറുമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചെങ്കടലിനു സമീപം സ്ഥാപിക്കുന്ന നിയോം പദ്ധതി ടൂറിസം രംഗത്ത് ലോകത്ത് പുതിയൊരു അനുഭവമായിരിക്കും. ഇതിനു കരുത്തേകാനാണ് ഇവരെ ഉന്നത സ്ഥാനത്ത് അലങ്കരിച്ചത്. ഭാവിയിലെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി ‘നിയോം’ നഗര പദ്ധതിയെ ലോകത്തിലെ അതുല്യ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ആരാധനയുടെ നിയമനം സഹായിക്കുമെന്ന് പദ്ധതി സി.ഇ.ഒ നളുമി അല്‍നസ്സര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ഈജിപ്ത് ജോര്‍ദ്ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് 26,500 ചതുരശ്ര കിലോമീറ്ററിലാണു നിയോം പദ്ധതി നടപ്പിലാക്കുക. മുഴുവന്‍ ഭൂഖണ്ഡങ്ങളിലെയും ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഗ്ലോബല്‍ ഹബ്ബായിരിക്കും ഭാവിയില്‍ നിയോം മാറുമെന്നാണ് പ്രഖ്യാപനം. ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട പദ്ധതി കിംഗ് സല്‍മാന്‍ പാലത്തിലേക്കുള്ള പ്രധാന കവാടത്തിന്റെ ഭാഗമായിരിക്കും നിയോം പദ്ധതി പ്രദേശം. പരിസ്ഥിതിക്ക് ദോഷമില്ലാത്ത ഹരിതോര്‍ജ്ജം ഉപയോഗിച്ചായിരിക്കും നിയോം പദ്ധതിയെന്നു പ്രഖ്യാപന സമയത്ത് തന്നെ ശില്‍പ്പിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിളിച്ചു പറഞ്ഞിരുന്നു. ആധുനിക ലോകത്തിന്റെ എല്ലാ സാധ്യതകളും പരീക്ഷിക്കപ്പെടുന്ന സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോം പദ്ധതിയിലേക്കുള്ള വൈദ്യുതി ഗതിഗോര്‍ജ്ജം വഴിയാണ് ഉത്പാദിപ്പിക്കുന്നത്. ലോകത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ റോബര്‍ട്ട് അവതരിപ്പിക്കപ്പെട്ടതും നിയോമിലാണ് ലോകത്തെ 70% ജനങ്ങള്‍ക്കും 8 മണിക്കൂറിനുള്ളില്‍ നിയോമില്‍ എത്തിച്ചേരാനാകുമെന്നത് ഭാവിയില്‍ ലോകത്തിന്റെ സാമ്പത്തിക ജീവനാഡി തന്നെ സഊദി അറേബ്യ ആയി മാറുമെന്നതാണു നിയോം സമ്മാനിക്കുന്നത്.

എണ്ണയെ ആശ്രയിക്കുന്നതില്‍ നിന്ന് മാറി മറ്റു വരുമാന സ്രോതസ്സുകളിലേയ്ക്ക് തിരിയാന്‍ നിര്‍ബന്ധിതരായ സഊദി അറേബ്യ ആവിഷ്‌കരിച്ച നിരവധി പദ്ധ്വതികളില്‍ ഒന്നാണ് രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെ കൂടി സ്പര്‍ശിച്ചു കൊണ്ടുള്ള ഭീമന്‍ ‘നിയോം’ നഗര പദ്ധതി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയോടൊപ്പം ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങളും ഈ പദ്ധതിയിലൂടെ ഉണ്ടാകും. സൗദിയുടെ ഏറ്റവും വലിയ പദ്ധതിയായിരിക്കും നിയോം. പദ്ധതിയുടെ ആദ്യഘട്ടം 2025ഓടെ പൂര്‍ത്തിയാകും.

Entertainment