• Home
  • News
  • സ്വകാര്യ മേഖലയില്‍; 17,000 തൊഴിലവസരങ്ങള്‍

സ്വകാര്യ മേഖലയില്‍; 17,000 തൊഴിലവസരങ്ങള്‍

കുവൈത്ത് സിറ്റി: സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 17,000 തൊഴിലവസരങ്ങള്‍ ഉടന്‍ സജ്ജമാക്കുമെന്ന് മാന്‍ പവര്‍ പുനരേകീകരണ പദ്ധതി സെക്രട്ടറി ജനറല്‍ ഫൗസി അല്‍ മജ്ദി അറിയിച്ചു. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയും സ്വദേശികള്‍ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരവുമാണ് ലക്ഷ്യമെന്നും അല്‍ മജ്ദി പറഞ്ഞു.

സര്‍ക്കാര്‍ പൊതുമേഖലയില്‍ എന്നപോലെ സ്വകാര്യ മേഖലയിലും സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനോടൊപ്പം സ്വകാര്യ മേഖലയില്‍ നിലവില്‍ തുടരുന്ന വിദേശികളുടെ മേല്‍ക്കോയ്മ കുറക്കുകയുമാണ് ലക്ഷ്യം.

സര്‍ക്കാര്‍ പൊതുമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനിടയില്‍ സ്വകാര്യ മേഖലയിലും തദ്ദേശീയരുടെ തോത് വര്‍ധിപ്പിക്കാനാണ് സര്‍ക്കാരും മാന്‍പവര്‍ അതോറിറ്റിയും സംയുക്തമായി നീക്കങ്ങളാരംഭിച്ചിട്ടുള്ളത്. അതേസമയം സ്വകാര്യമേഖലയിലും സ്വദേശികളുടെ തോത് ഓരോ വര്‍ഷവും നിശ്ചിത ശതമാനം വര്‍ദ്ധനവ് വരുത്തണമെന്നാണ് കുവൈറ്റ് തൊഴിലാളി യൂണിയന്‍ മേധാവി സാലിം ഷബീബ് അല്‍ അജ്മി ആവശ്യപ്പെടുന്നത്.

എന്നാല്‍ നിലവില്‍ സ്വകാര്യ മേഖലയില്‍ 80 ശതമാനത്തിലേറെ തൊഴിലവസരവും കയ്യടക്കിയിരിക്കുന്നത് വിദേശികളാണ്. സ്വദേശിവത്കരണം സ്വകാര്യമേഖലയിലും ശക്തമാകുന്നതോടെ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.