ഒമാനില്‍ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാല്‍ പിഴ
മസ്‌കത്ത്∙ ഒമാനില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം. ശമ്പളം വൈകിപ്പിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 റിയാൽ വീതം പ്രതിമാസം പിഴ ചുമത്തുമെന്നു വേജസ് പ്രൊട്ടക്ഷന്‍ (ഡബ്ല്യു പി എസ്) പ്രോഗ്രാം ടീം അംഗം സെയ്ഫ് ബിന്‍ സാലം അല്‍ സാബിത് അറിയിച്ചു. എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം. തൊഴിലുടമ ജീവനക്കാരന് അവരുടെ പ്രതിമാസ വേതനം നല്‍കാന്‍ കാലതാമസം വരുത്തുകയാണെങ്കില്‍ ഓരോമാസവും പിഴ ഇരട്ടിയാക്കുകയും ചെയ്യും. എന്നാല്‍, ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാവുന്നതാണ്.
അതേസമയം, 2022ല്‍ തൊഴില്‍ മേഖലയിലെ ആകെ ലഭിച്ച പരാതികള്‍ 24,000 ആണ്. വേതനവുമായി ബന്ധപ്പെട്ട് 13,000 പരാതികളാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത്. ചില കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം എട്ടുമാസത്തേക്ക് വൈകിപ്പിച്ച കേസുകളുണ്ട്. എന്നാല്‍, ബേങ്കുകള്‍ വഴിയോ സേവനം നല്‍കാന്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ തൊഴിലാളികളുടെ വേതനം നല്‍കാന്‍ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനം ഉപയോഗിക്കണമെന്നും സെയ്ഫ് ബിന്‍ സാലം അല്‍ സാബിത് അറിയിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.