മുസന്ദം സിപ്ലൈൻ പദ്ധതി പൂർത്തിയായി
മസ്കത്ത് : രാജ്യത്തെ സാഹസിക ടൂറിസം രംഗത്തെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ മുസന്ദം ഗവർണറേറ്റിലെ സിപ്ലൈൻ പദ്ധതി പൂർത്തിയായതായി ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്) ചെയർമാൻ മുഹമ്മദ് അൽ ബുസൈദി പറഞ്ഞു. പദ്ധതിക്കാവശ്യമായ സുരക്ഷാപരിശോധനകളാണ് ഇനി പൂർത്തിയാക്കാനുള്ളതെന്ന് അധികൃതർ അറിയിച്ചു.
മാസങ്ങൾക്കുമുമ്പ് ഡമ്മി ഉപയോഗിച്ച് നടത്തിയ പരീക്ഷണ പ്രവർത്തനങ്ങൾ വിജയകരമാണെന്ന് അധികൃതർ വിലയിരുത്തിയിരുന്നു. രാജ്യത്തെ സാഹസിക ടൂറിസം രംഗത്ത് ഉണർവ് നൽകുന്ന പദ്ധതി ഈ വർഷം ആദ്യത്തോടെ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് കരുതുന്നത്. ഖസബ് വിലായത്തിൽ ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്) ആണ് പദ്ധതിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ജബൽ ഫിറ്റിൽനിന്ന് ആരംഭിച്ച് ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്റെയും മനോഹരമായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന തരത്തിൽ 1800 മീറ്റർ നീളത്തിലാണ് സിപ്ലൈനുള്ളത്. അത്താന ഖസബ് ഹോട്ടലുമായാണ് ഇതിന്റെ ലാൻഡിങ് പോയന്റ് ബന്ധിപ്പിച്ചിരിക്കുന്നത്.
സുൽത്താനേറ്റിലെ ഏറ്റവും ഉയരത്തിലുള്ള സിപ്ലൈൻ ആണ് മുസന്ദത്തേത്. 220 മീറ്റർ ഉയരത്തിലാണ് ഇതുള്ളത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് മുസന്ദത്തിന്റെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും മനോഹാരിത അനുഭവിക്കാൻ സഹായിക്കും.
കഴിഞ്ഞ വർഷം മാർച്ചിലാണ് പദ്ധതിയുടെ നിർമാണം തുടങ്ങിയത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി നൂതന ബ്രേക്കിങ് സിസ്റ്റം, റൈഡർമാരെ സംരക്ഷിക്കുന്നതിനുള്ള ഹെൽമറ്റുകൾ, സുരക്ഷ ജാക്കറ്റുകൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. സിപ്ലൈൻ സൈറ്റിലേക്കുള്ള റോഡിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ഏകദേശം 1500 മീറ്റർ ദൂരമുള്ള റോഡിന്റെ പണി കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആരംഭിച്ചത്.
കഴിഞ്ഞ വർഷം ആദ്യം മുസന്ദം ഗവർണറേറ്റിൽ ആരംഭിച്ച അഡ്വഞ്ചർ സെന്റർ പദ്ധതിയുടെ പ്രധാന ഭാഗമാണ് സിപ്ലൈൻ. ഇത് ഗവർണറേറ്റിന്റെ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ടൂറിസ്റ്റ് ഗ്രൂപ്പുകളെയും സാഹസികപ്രേമികളെയും ആകർഷിക്കുന്നതിനൊപ്പം പ്രദേശത്തെ വിനോദ, സാമ്പത്തിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
മുസന്ദത്തിലെ മറ്റ് നിരവധി ടൂറിസം വികസന പദ്ധതികളുടെ മേൽനോട്ടം പൈതൃക വിനോദസഞ്ചാര മന്ത്രാലയം വഹിക്കുന്നുണ്ട്. ഒ.ക്യു കമ്പനിയുടെ ധനസഹായത്തോടെ ദിബ്ബയിലെ പുരാവസ്തു സൈറ്റിൽ സന്ദർശകകേന്ദ്രം ഒരുക്കാനും പദ്ധതിയുണ്ട്. ഒരു മ്യൂസിയവും ഉൾപ്പെടുത്തും. കോവിഡ് മഹാമാരിക്കുമുമ്പ് മുസന്ദത്ത് പ്രതിവർഷം 2,00,000 വിനോദസഞ്ചാരികൾ എത്തിയിരുന്നതായി പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. കോട്ടകളിലേക്കുള്ള സന്ദർശകരുടെ എണ്ണം പ്രതിവർഷം 50,000ത്തിനു മുകളിലുമായിരുന്നു. ക്രൂസ് യാത്രക്കാരുടെ എണ്ണം 2019ൽ 1,29,453 ആയിരുന്നു. മുസന്ദത്തെ കൂടുതൽ ആകർഷകമായ ടൂറിസം, നിക്ഷേപകേന്ദ്രമാക്കി മാറ്റുന്നതിന് 2021ൽ രാജകീയ നിർദേശം നൽകിയിരുന്നു. ഇതേതുടർന്ന് ഗവർണറേറ്റിൽ കൂടുതൽ വികസന പ്രവർത്തനങ്ങളാണ് നിലവിൽ നടന്നുവരുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.