ഇലക്ട്രിക് ഗെയിം പൊട്ടിവീണ സംഭവം; ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി യോഗം ചേർന്നു
മസ്കത്ത്: മസ്കത്ത് നൈറ്റ്സിലെ ഇലക്ട്രിക് ഗെയിം പൊട്ടിവീണ് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി അടിയന്തര യോഗം ചേർന്നു. അപകടത്തിന്റെ വിശദാംശങ്ങളും സംഭവങ്ങളും മനസ്സിലാക്കാനായി ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. സാമൂഹിക വികസന മന്ത്രാലയത്തിലെ കുടുംബ വികസനത്തിനുള്ള ഡയറക്ടർ ജനറൽ സയ്യിദ മഅനി ബിൻത് അബ്ദുല്ല അൽ ബുസൈദിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴിയായിരുന്നു യോഗം.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സമിതി ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തി. അപകടത്തിന്റെ മാനസിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനായി പരിക്കേറ്റ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും കൗൺസലിങ്ങും നൽകും. ചൊവ്വാഴ്ച രാത്രിയാണ് ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ ഗെയിമുകളിലൊന്ന് തകർന്ന് വീഴുന്നത്. അപകടത്തിൽ കുട്ടികളടക്കം ഏഴുപേർക്ക് നിസ്സാര പരിക്കേറ്റിരുന്നു. പരിക്കേറ്റവരിൽ ഒരാൾ സ്ത്രീയാണ്.
ആശുപ്രതിയിൽ പ്രവേശിപ്പിച്ച അധികപേരെയും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. കുട്ടികൾക്കായി ഒരുക്കിയിരുന്ന ഇലക്ട്രിക് ഗെയിമുകളിലൊന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കെ പൊട്ടി വീഴുകയായിരുന്നു. അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്നും സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒരുദിവസം നിർത്തിവെച്ച മസ്കത്ത് നൈറ്റ്സിലെ ആഘോഷ പരിപാടികൾ കഴിഞ്ഞ ശനിയാഴ്ച മുതലാണ് പുനരാരംഭിച്ചത്. തണുത്ത കാലാവസ്ഥയിലും നൂറുകണക്കിന് ആളുകളാണ് മസ്കത്ത് നൈറ്റ്സിന്റെ വേദികളിലേക്ക് എത്തുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.