ഒരു യാത്രക്കിടെ മൂന്ന് ഗതാഗത നിയമ ലംഘനം; അബുദാബിയിൽ ഡ്രൈവർ അറസ്റ്റിൽ
അബുദാബി∙ അപകടകരമാം വിധം അശ്രദ്ധമായി വാഹനമോടിച്ചയാളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടപ്പെടുത്തും വിധമാണ് ഇയാൾ കാർ ഒാടിച്ചതെന്നും കനത്ത പിഴ ചുമത്താവുന്ന ഗുരുതരമായ ട്രാഫിക് ലംഘനമാണ് ഇതെന്നും പൊലീസ് പറഞ്ഞു.
റോഡുകളിലെ പൊലീസിന്റെ ക്യാമറകളിൽ പതിഞ്ഞ കാർ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിമാറി സഞ്ചരിക്കുന്നതായി മനസിലായി. സഞ്ചരിച്ചിരുന്ന ഹൈവേയിൽ വലിയ തിരക്കില്ലെങ്കിലും, ഡ്രൈവർ തന്റെ പാതയിൽ നിൽക്കാൻ വിസമ്മതിക്കുകയും മറ്റു വാഹനങ്ങളെ ടെയിൽഗേറ്റ് ചെയ്യുകയും ചെയ്തു. ഇത് ഒന്നിലേറെ തവണ കൂട്ടിയിടിക്കലിന് കാരണമായി. നിയമലംഘനത്തിന്റെ വിഡിയോ പൊലീസ് സമൂഹമാധ്യമത്തിൽ പങ്കിട്ടു.
ഡ്രൈവർ ലംഘിച്ച മൂന്നു നിയമങ്ങൾ
1. വലതുവശത്ത് നിന്ന് അപകടകരമായ രീതിയിൽ മറികടക്കൽ. തെറ്റായ ഓവർടേക്കിന് 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും.
2. സമാന്തരപാതയിൽ നിന്നുള്ള മറികടക്കൽ. ഡ്രൈവർക്ക് 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കാവുന്ന ഗുരുതരമായ ലംഘനമാണിത്.
3. മറ്റു വാഹനങ്ങളിൽ നിന്നു സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക. ഈ ലംഘനത്തിന് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
ഡ്രൈവർമാരുടെ അശ്രദ്ധമായ പെരുമാറ്റം ഗതാഗതക്കുരുക്കിന് ഇടയാക്കുകയും റോഡിലെ മറ്റ് വാഹനയാത്രക്കാരെ അപകടത്തിലാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ശ്രദ്ധാപൂർവം വാഹനമോടിക്കാനും ഓവർടേക്ക് ചെയ്യുന്നതിന് മുൻപ് പരിസരം ശ്രദ്ധിച്ച് ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാനും എമർജൻസി ലെയ്ൻ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.