ലോകമേ വിരുന്നെത്തൂ; ഖത്തറിലാണ് മംഗല്യം
ദോഹ∙ ആഗോളതലത്തിലെ മുൻനിര വിവാഹ വേദിയാകാൻ തയാറെടുത്ത് ഖത്തർ. മികച്ച ഹോട്ടലുകൾ, വേദികൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, ബീച്ചുകൾ തുടങ്ങി വിവാഹാഘോഷത്തിനായി എല്ലാ സൗകര്യങ്ങളും സമാനതകളില്ലാത്ത ആതിഥേയത്വവുമാണ് ഉള്ളതെന്ന് ടൂറിസം ചെയർമാൻ അക്ബർ അൽ ബേക്കർ വ്യക്തമാക്കി.
ദോഹയിലെ സെന്റ്. റീഗ്‌സ് ഹോട്ടലിൽ നടന്ന 9ാമത് വാർഷിക ഡെസ്റ്റിനേഷൻ വെഡ്ഡിങ് പ്ലാനേഴ്‌സ് കോൺഗ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കുടുംബ സൗഹൃദ കേന്ദ്രമായി ഖത്തറിനെ മാറ്റുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. 3 ദിവസത്തെ കോൺഗ്രസിൽ ഇന്ത്യ ഉൾപ്പെടെ 70 രാജ്യങ്ങളിൽ നിന്നുള്ള വെഡ്ഡിങ് പ്ലാനർമാർ, ഹോട്ടൽ ഉടമകൾ, ആഡംബര വെഡ്ഡിങ് പ്ലാനിങ് രംഗത്തെ പ്രഫഷനലുകൾ തുടങ്ങി 500 പ്രതിനിധികളും വിദഗ്ധരും പങ്കെടുത്തു.
താമറിൻഡ് ഗ്ലോബൽ മാനേജിങ് ഡയറക്ടർ മഹേഷ് ഷിരോദ്കർ, വെഡ്ഡിങ് ഡിസൈൻ കമ്പനി സ്ഥാപക വന്ദന മോഹൻ, മോട് വെയ്ൻ എന്റർടെയ്ൻമെന്റ് സ്ഥാപകൻ ആദിത്യ മോട് വെയ്ൻ, ഗുഡ്‌ടൈം സിഇഒ ആരതി സിങ്, ദിവ്യ വിതിക വെഡ്ഡിങ് പ്ലാനേഴ്‌സ് മാനേജിങ് പാർട്ണർമാരായ ദിവ്യ ചൗഹാൻ, വിതിക അഗർവാൾ തുടങ്ങിയവരാണ് ഇന്ത്യയിൽ നിന്ന് പങ്കെടുത്തത്. സമ്മേളനം ഇന്നലെ സമാപിച്ചു.
ഇന്ത്യയിൽ നിന്നുള്ള ആഡംബര വിവാഹങ്ങൾക്ക് ഇതിനകം ഖത്തർ വേദിയായിട്ടുണ്ട്. വധൂവരന്മാരും ബന്ധുക്കളും അതിഥികളും ഉൾപ്പെടെയുള്ള വലിയ സംഘമാണ് ദോഹയിൽ വച്ച് വിവാഹം നടത്താനായി എത്തുക. 2018 ൽ റിറ്റ്‌സ് കാൾട്ടൺ ദോഹ ഹോട്ടലാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ വിവാഹത്തിന്റെ വേദിയായത്. ഒരാഴ്ച നീണ്ടു നിന്ന വിവാഹ ആഘോഷങ്ങളിൽ ആയിരത്തിലധികം അതിഥികളാണ് എത്തിയത്.
ദോഹയിൽ ഇതുവരെ നടന്നതിൽ വച്ചേറ്റവും വലിയ ഇന്ത്യൻ വിവാഹവുമായിരുന്നു അത്. 2019 ൽ റിറ്റ്‌സ് കാൾട്ടണിൽ നടന്ന ഇന്ത്യൻ വിവാഹത്തിന് വധൂവരന്മാർക്കൊപ്പം 800 പേരാണ് എത്തിയത്. രാജ്യത്തേക്കുള്ള പ്രവേശന നടപടികൾ ലഘൂകരിച്ചതും വിവാഹത്തിന് ദോഹ തിരഞ്ഞെടുക്കാനുള്ള കാരണമാണ്. ടൂറിസവും ഇന്ത്യൻ എംബസിയും ഖത്തർ എയർവേയ്‌സും മികച്ച പിന്തുണയാണ് ഇക്കാര്യത്തിൽ നൽകുന്നത്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.