എയർ ഇന്ത്യ നിർത്തൽ; പ്രവാസികളെ ബാധിക്കുന്നത് എങ്ങനെ?
ദുബൈ: എയർ ഇന്ത്യയുടെ ഡ്രീംലൈനറുകൾ നിർത്തി എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ ഏർപ്പെടുത്താനുള്ള നീക്കം പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. നിലവിലെ എയർ ഇന്ത്യ യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കാനേ പുതിയ തീരുമാനം ഉപകരിക്കൂ.
പ്രവാസികൾക്ക് എന്തുകൊണ്ടും സൗകര്യപ്രദമായിരുന്നു 270 പേർക്കുവരെ സഞ്ചരിക്കാവുന്ന എയർ ഇന്ത്യ ഡ്രീലൈനറുകൾ. പുതുതായി നിയോഗിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസുകളിൽ 170 പേർക്ക് മാത്രമാണ് സൗകര്യമുള്ളത്. വിമാന സീറ്റുകളുടെ എണ്ണം കുറയുന്നത് നിരക്ക് കുതിച്ചുയരാനും തിരക്ക് വർധിക്കാനും ഇടയാക്കും. ഫുൾ സർവിസ് കാരിയറായ എയർ ഇന്ത്യക്കുപകരം ബജറ്റ് കാരിയറായ എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുമ്പോൾ പ്രവാസികൾക്ക് മുമ്പ് കിട്ടിയിരുന്ന പല ആനുകൂല്യങ്ങളും ഇല്ലാതാകും.
ദീർഘകാലം മുമ്പ് ടിക്കറ്റ് ലോക്ക് ചെയ്യാനും തീയതി മാറ്റാനും റീഫണ്ട് ലഭിക്കാനുമുള്ള സൗകര്യം എയർ ഇന്ത്യയിലുണ്ടായിരുന്നു. എന്നാൽ, എക്സ്പ്രസിൽ ഇതിനെല്ലാം കടുത്ത നിബന്ധനകളാണ്. പ്രവാസികളുടെ യാത്രകൾ പലപ്പോഴും അനിശ്ചിതാവസ്ഥയിലായിരിക്കും. അവസാന നിമിഷങ്ങളിൽ ടിക്കറ്റ് റദ്ദാക്കുകയും തീയതി മാറ്റുകയും ചെയ്യുന്നത് പതിവാണ്. എയർ ഇന്ത്യയിൽ ഇത് അനായാസം നടന്നിരുന്നു. രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രെച്ചർ സർവിസും ബിസിനസ് ക്ലാസും എക്സ്പ്രസിൽ ഇല്ല. മാത്രമല്ല, ചെറുവിമാനമായതിനാൽ കാർഗോ സർവിസിനെയും കാര്യമായി ബാധിക്കും. കൊച്ചിയിലേക്ക് സർവിസ് നടത്തിയിരുന്ന എയർ ഇന്ത്യ ഡ്രീംലൈനർ മാർച്ച് പത്തുമുതൽ നിർത്തിയിരുന്നു. ഇതിനുപകരം എയർ ഇന്ത്യയുടെ ചെറുവിമാനമാണ് സർവിസ് നടത്തുന്നത്.
കാലപ്പഴക്കം ചെന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ വർധിപ്പിക്കുന്നത് വിമാനം വൈകലിലും യാത്രക്കാരുടെ ദുരിതം വർധിക്കാനും ഇടയാക്കും. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള യു.എ.ഇയിൽനിന്ന് കൂടുതൽ എയർ ഇന്ത്യ സർവിസുകളാണ് വേണ്ടതെന്ന് ദേര ട്രാവൽസ് ജനറൽ മാനേജർ ടി.പി. സുധീഷ് അഭിപ്രായപ്പെട്ടു. നിർത്തിയ സർവിസുകൾ പുനരാരംഭിക്കാനും നിലവിലുള്ള നിർത്താതിരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് സർവിസുകളിൽ പലതും മാറ്റുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.