ഒമാനിൽ മഴ തുടരുന്നു, വാദികൾ കവിഞ്ഞൊഴുകി
മസ്കത്ത് : രാജ്യത്തെ തെക്കൻ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചയും മഴ പെയ്തു. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയായിരുന്നു മഴ. വിവിധ വിലായത്തുകളിൽ ആലിപ്പഴവും വർഷിച്ചു. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കരുതെന്നും ജാഗ്രതപാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നിസ്വ, സമാഇല്‍, വാദി അല്‍ ജിസീ, മഹ്ദ, സുഹാര്‍, ലിവ, യങ്കല്‍, ശിനാസ്, ജഅലാന്‍ ബനീ ബൂ അലീ, ഇസ്കി, മഹൂത്ത്, മസീറ, ദല്‍കൂത്ത്, ബുറൈമി, ഇബ്ര, മുദൈബി, അല്‍ ഖാബില്, സൂര്, ബഹ്ല, സമദ് അൽ ഷാൻ, മുദൈബി, ഹൈമ തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. ഉൾഗ്രാമങ്ങളിലെ റോഡുകളിൽ പലയിടത്തും വെള്ളം കയറിയത് നേരിയ ഗതാഗത തടസ്സത്തിന് കാരണമായി. അതേസമയം അനിഷ്ട സംഭവങ്ങളൊന്നും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വടക്കൻ ശർഖിയയിലെ എല്ലാ സ്വകാര്യ, പൊതുവിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി നൽകിമുദൈബി, ഇബ്ര, അൽ ഖബെൽ എന്നിവിടങ്ങളിലാണ് വാദികൾ നിറഞ്ഞൊഴുകുന്നത്. മസ്കത്ത് നഗരത്തിൽ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകീട്ടോടെ നഗര പ്രദേശങ്ങളെ കുളിരണയിച്ച് മഴ പെയ്തു. മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ കുറവുവന്നിട്ടുണ്ട്. അതേസമയം, ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ മുന്നറിയിപ്പിൽ പറയുന്നത്. ദോഫാർ, അൽ വുസ്ത, തെക്ക്-വടക്കൻ ശർഖിയ, ദഖിലിയ, ദാഹിറ, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, മുസന്ദം എന്നീ ഗവർണേറേറ്റുകളിലായിരിക്കും മഴ പെയ്യുക. വിവിധ സ്ഥലങ്ങളിൽ 10 മുതൽ 100 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കും.
വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുറിച്ചുകടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നതും കടലിൽ പോകുന്നതും ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ജാഗ്രത നിർദേശത്തിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമാകും. അറബിക്കടലിന്റെ തെക്കുകിഴക്കൻ തീരങ്ങളിലും തിരമാലകൾ 1.5 മുതൽ മൂന്നുമീറ്റർ വരെ ഉയർന്നേക്കും. മുൻകരുതൽ നടപടികൾ എല്ലാവരും സ്വീകരിക്കണമെന്ന് സി.എ.എ ആവശ്യപ്പെട്ടു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.