അനുമോളുടെ മൃതദേഹത്തിന് 5 ദിവസം പഴക്കം, ‘ബിജേഷ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത വ്യാജം’
തൊടുപുഴ ∙ ഇടുക്കി കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്പി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാര്‍ വട്ടമുകുളേല്‍ ബിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. പിന്നാലെ ഭര്‍ത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. അനുമോളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ബിജേഷിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഡിവൈഎസ്പി പറഞ്ഞു.
ജഡം പൂര്‍ണമായി അഴുകിയതിനാല്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന ബിജേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും പൊലീസ് പറഞ്ഞു. ഇടുക്കി സബ്കലക്ടര്‍ അരുണ്‍ എസ്.നായരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.