വാഹനം മോടികൂട്ടാൻ രക്ഷിതാക്കളുടെ സഹായം; ജനവാസ മേഖലയിൽ വിലസി അഭ്യാസികൾ
ദുബായ്∙ നിർമിച്ച കമ്പനി ചേർക്കാത്ത സൗകര്യങ്ങൾ വാഹനങ്ങളിൽ കൂട്ടിച്ചേർക്കാൻ കൂട്ടുനിൽക്കുന്നത് കാശുകാരായ മാതാപിതാക്കളാണെന്നു പൊലീസ്. അമിത വേഗത്തിനും ഉച്ചത്തിലുള്ള ശബ്ദത്തിനും പണം ചിലവാക്കുന്നവർ സാധാരണ ജനങ്ങളെയും നിയമപാലകരെയും ബുദ്ധിമുട്ടക്കുന്നു.
വാഹനങ്ങളിലെ ഇത്തരം അനധികൃത മോഡിഫിക്കേഷന്റെ പേരിൽ അയ്യായിരത്തിൽ അധികം വണ്ടികളാണ് കഴിഞ്ഞ വർഷം മാത്രം പൊലീസ് പിടികൂടി പിഴയിട്ടത്. കുട്ടികളുടെ നിയമ ലംഘനങ്ങൾക്കു മാതാപിതാക്കളെ വിളിച്ചു വരുത്തുമ്പോഴാണ് ഇത് അവർക്കും അറിവുള്ള കാര്യമാണെന്ന് മനസ്സിലാകുന്നതെന്നും പൊലീസ് പറഞ്ഞു. പാർപ്പിട മേഖലയിലൂടെ ജനങ്ങൾക്കു ശല്യമുണ്ടാക്കി ഓടിച്ച 1195 വാഹനങ്ങളും അമിത ശബ്ദത്തിനു സൈലൻസറിലും എൻജിനിലും മാറ്റം വരുത്തിയ 4533 വാഹനങ്ങളും ഇതിൽ ഉൾപ്പെടും. വാഹനങ്ങളിൽ വരുത്തുന്ന ഈ മാറ്റങ്ങൾക്കു വാഹനത്തിന്റെ വിലയോളം ചെലവുണ്ടാകും. ചിലർ എതിർ ദിശയിലൂടെ വണ്ടിയോടിച്ചു മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിലും മിടുക്കരാണ്.
പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പിഴ അടച്ചു തിരിച്ചെടുക്കാനും രക്ഷിതാക്കൾക്ക് മടിയില്ല. ചിലർ പിഴ കുറയ്ക്കുന്നതിന് അപേക്ഷയുമായി വരുന്നു. ഹൈവേകളേക്കാൾ പാർപ്പിട മേഖലകളാണ് വണ്ടി അഭ്യാസികളുടെ ഇഷ്ട സ്ഥലങ്ങൾ. രാത്രി വൈകുന്നതോടെ ഇവർ വണ്ടികളുമായി ഇറങ്ങും. സിഗ്നലുകളിൽ നിർത്തി ഇടുമ്പോഴും വലിയ ശബ്ദമുണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാൻ ഇവർ ശ്രമിക്കുമെന്നു ദുബായ് ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു. പൊതുഇടങ്ങളിൽ വാഹനം കൊണ്ട് പ്രകോപനം സൃഷ്ടിക്കുന്നവരെ പിടികൂടും. വാഹനങ്ങളിൽ അനധികൃതമായി സാങ്കേതിക മാറ്റം വരുത്തുന്നവർക്കെതിരെ ആർടിഎയുമായി സഹകരിച്ച് നടപടി സ്വീകരിക്കും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.