അബഹ നാടുകടത്തൽ കേന്ദ്രത്തിൽനിന്നു 24 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി
അബഹ : നിയമ ലംഘകരായി സൗദിയിൽ താമസിച്ചു ജോലി ചെയ്തിരുന്നവരും ഹുറൂബാക്കപ്പെട്ടവരുമായ നാടുകടത്തൽ കേന്ദ്രത്തിലുണ്ടായിരുന്ന 24 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു. അസീർ മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നു രണ്ടു മാസത്തിനുള്ളിൽ പൊലീസ് പരിശോധനയിൽ പിടിക്കപ്പെട്ട ഇന്ത്യക്കാർക്കാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നു നാട്ടിലേക്ക് മടങ്ങിയത്.
മതിയായ താമസ രേഖകളോ, ജോലിയോ, താമസസ്ഥലമോ ഇല്ലാതെ ഖമീസ് മുശൈത്തിലെ തെരുവുകളിലും, വൃത്തിഹീനമായ പൊളിഞ്ഞ കെട്ടിടങ്ങളിലും താമസിച്ചിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളുടെ വിവരങ്ങൾ
ഒരു മാസം മുമ്പ് വാർത്ത മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. വാർത്തയെതുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം കോൺസുലേറ്റിലെ പ്രധാന ഉദ്യോഗസ്ഥനായ കോൺസുൽ ദീപക് യാദവിനെ അബഹയിലേക്ക് നേരിട്ട് അയച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയായിരുന്നു.
തമിഴ്‌നാട് സ്വദേശികളെക്കൂടാതെ നാല് മലയാളികളും യു.പി, പശ്ചിമ ബംഗാൾ, ബീഹാർ, കശ്മീർ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുമാണ് മടങ്ങിയത്. ഇവരെ അബഹയിൽ നിന്നു ബസ് മാർഗം ജിദ്ദ വിമാനത്താവളത്തിൽ എത്തിച്ച് ജിദ്ദയിൽ നിന്നു സൗദി എയർലൈൻസ് വിമാനം വഴി ഡൽഹിയിലേക്കാണ് കയറ്റി അയച്ചത്. കോൺസുലേറ്റ് ഉദ്യോഗസ്ഥനോടൊപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്നായി കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം പ്രതിനിധികളായ ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലാ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചലും ബിജു കെ. നായരും രംഗത്തുണ്ടായിരുന്നു.
കോൺസുൽ ദീപക് യാദവും സംഘവും ഖമീസ് മുശൈത്ത് സെൻട്രൽ ജയിലും അബഹ വി.എഫ്.എസ് കേന്ദ്രവും സന്ദർശിച്ചു. വി.എഫ്.എസ് കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ സന്ദർശകരോട് കേന്ദ്രത്തിന്റെ സേവനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.