• Home
  • News
  • എലിപ്പനി; വരുന്ന മൂന്നാഴ്ച സംസ്ഥാനത്ത് അതീവ ജാഗ്രത

എലിപ്പനി; വരുന്ന മൂന്നാഴ്ച സംസ്ഥാനത്ത് അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തിന് ശേഷം എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വരുന്ന മൂന്നാഴ്ച സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കേണ്ട കാലയളവായി കണക്കാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. എലിപ്പനിയുടെ ലക്ഷണം കാണിക്കുന്ന എല്ലാ പനികളും എലിപ്പനിയായി കണക്കാക്കി ചികിത്സിക്കും. ഈര്‍പ്പമുളള മണ്ണിലും രോഗകാരിയായ ബാക്ടിരീയ ഉളളതിനാല്‍ മൂന്ന് ആഴ്ച കൂടി എലിപ്പനിക്കെതിരകെ ജാഗ്രത പാലിക്കണം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കുകയാണ് ഏറ്റവും പ്രധാന പ്രതിരോധ മാര്‍ഗം. എലിപ്പനിയുടെ ലക്ഷണങ്ങളുളള രോഗങ്ങളുമായി ചികിത്സക്കെത്തുന്നവരെ വിശദമായ പരിശോധിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആവശ്യത്തിന് മരുന്ന് ലഭ്യമാകും. മരുന്ന് ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ പോലും എലിപ്പനി വന്ന് മരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു വരുത്തണം. മരുന്ന് എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം. താലൂക്ക് ആശുപത്രിയില്‍ തന്നെ ഡോക്‌സി കോര്‍ണര്‍ ഉണ്ടാകണം.കൂടുതല്‍ ചികിത്സാ ആവശ്യമായ ഘട്ടങ്ങളില്‍ മാത്രം മെഡിക്കല്‍ കോളജിലേക്ക് മാറ്റണം. പ്രളയജലത്തില്‍ ഇറങ്ങിയ സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും എല്ലാം പ്രതിരോധ ഗുളിക കഴിക്കണം.

എലിപ്പനിയുടെ ലക്ഷണമുളള എല്ലാ പനിയും എലിപ്പനിയായി കരുത്തി ചികിത്സ നടത്തണം. ഓരോ ജീവനും വിലപ്പെട്ടതായി കരുതി പ്രവര്‍ത്തിക്കണം. ഡെങ്കിപനി വരാതിരിക്കാന്‍ കൊതുക് നശീകരണം ശക്തമാക്കണം. പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ ആരോഗ്യ സേനയുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കണം. വെളളപ്പൊക്കം കുടൂതലുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.ജലജന്യരോഗങ്ങളായ കോളറയും മഞ്ഞപ്പിത്തവും വരാതെയിരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പിന്റെ തീരുമാനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരും ഇതര സംസ്ഥാന സര്‍ക്കാരുകളും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ശക്തമായി പിന്തുണയാണ് നല്‍കുന്നത്. സംസ്ഥാനത്തും ജില്ലാ തലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

മലിന ജലത്തിലൂടെ പനി പടരുന്നതിനാല്‍ അത്തരം സാഹചര്യങ്ങളുമായി ഇടപഴകിയവര്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ കഴിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ നേരിടണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related News