• Home
  • News
  • അബുദാബി ബംബർ മലയാളികൾക്ക് ; ആറുപേർക്കായി 23 കോടി

അബുദാബി ബംബർ മലയാളികൾക്ക് ; ആറുപേർക്കായി 23 കോടി

ഷാർജ:അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും മലയാളികളെത്തേടിയെത്തി. ആറ് സുഹൃത്തുക്കൾ ചേർന്നെടുത്ത കൂപ്പണിന് 1.2 കോടി ദിർഹം (ഏകദേശം 23 കോടി രൂപ) സമ്മാനം ലഭിച്ചു.

കഴിഞ്ഞ ഒൻപത് വർഷമായി അജ്മാനിൽ താമസിക്കുന്ന ജോർജ് മാത്യുവും ഭാര്യ ഫെമിനയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് 23 കോടിയിലധികം രൂപയുടെ ഭാഗ്യം കൊണ്ടുവന്നത്. ഭാര്യയ്ക്കൊപ്പം ആശുപത്രിയിൽ പോയപ്പോഴാണ് സന്തോഷ വാർത്ത അറിഞ്ഞത്. യുഎഇയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ലിജോ, കോട്ടയ്ക്കൽ സ്വദേശി കൃഷ്ണരാജ്, എറണാകുളം സ്വദേശി ദിലീപ്, മലപ്പുറം സ്വദേശി റിജേഷ്, തിരുവനന്തപുരം സ്വദേശി സതീഷ് എന്നിവർ ചേർന്നാണ് കഴിഞ്ഞ മാസം 30ന് ഒാൺലൈനിലൂടെ കൂപ്പണെടുത്തത്.

ആയിരം ദിർഹമിന്റെ കൂപ്പണിന് എല്ലാവരും തുല്യമായി പണം നൽകി. നേരത്തെ ഒന്നിച്ച് താമസിച്ചിരുന്നവരാണ് ഇവർ. പിന്നീട് പലരുടേയും കുടുംബം നാട്ടിൽ നിന്നു വന്നതോടെ താമസം പലവഴിക്കായി. എങ്കിലും കഴിഞ്ഞ ഒൻപത് വർഷമായി സുഹൃദ് ബന്ധം തുടരുന്ന ആറംഗ സംഘം മാസങ്ങളായി നറുക്കെടുപ്പിൽ പങ്കെടുത്തുവരികയായിരുന്നു. അടുത്തിടെ കുറച്ച് സാമ്പത്തിക പ്രതിസന്ധി വന്നതിനാൽ ഇത്തവണത്തെ നറുക്കെടുപ്പിൽ നിന്ന് തന്നെ ഒഴിവാക്കാൻ ജോർജ് മാത്യു സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ സമ്മതിച്ചില്ല. തുടർന്ന് മാത്യുവിന്റെ പേരിൽ ടിക്കറ്റ് എടുക്കുകയായിരുന്നു. ആ ടിക്കറ്റിനു തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവും.

Related News