• Home
  • News
  • എക്സിറ്റ് പെര്മിറ്റുമായി ബന്ധപ്പെട്ട പുതിയ തീരുമാനം; സുഗമമായ നടത്തിപ്പിന് പ്രത്

എക്സിറ്റ് പെര്മിറ്റുമായി ബന്ധപ്പെട്ട പുതിയ തീരുമാനം; സുഗമമായ നടത്തിപ്പിന് പ്രത്യേക കമ്മറ്റി

ദോഹ: എക്സിറ്റ് പെർമിറ്റ് നിർത്തലാക്കാനുള്ള നിർണായകമായ നിയമ ഭേദഗതി രാജ്യത്തെ പ്രവാസികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കും. പ്രവാസികളും തൊഴിൽ സംഘടനകളും വ്യവസായ സംഘടനകളും നിയമ ഭേദഗതിയെ സ്വാഗതം ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കൂടുതൽ തൊഴിലാളികളെ ഖത്തറിലേക്ക് ആകർഷിക്കാനും നിയമ ഭേദഗതി സഹായകരമാകുമെന്നു പ്രതീക്ഷ.

വിദേശ തൊഴിലാളികൾക്ക് രാജ്യം വിടാൻ തൊഴിലുടമയുടെ എക്സിറ് പെർമിറ്റ് ആവശ്യമില്ലെന്ന പുതിയ നിയമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. ഖത്തർ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമാണ് എക്സിറ്റ് പെര്മിറ്റുമായി ബന്ധപ്പെട്ട പുതിയ തീരുമാനം ബാധകമാവുക. ഒരു കന്പനിയുടെ നിർണായക സ്ഥാനങ്ങളിലുള്ള അഞ്ചു ശതമാനം പേർക്ക് രാജ്യം വിടണമെങ്കിൽ എക്സിറ്റ് പെർമിറ്റ് ആവശ്യമാണെന്നും ഇവരുടെ വിവരങ്ങൾ തൊഴിലുടമ മന്ത്രാലയത്തിന് കൈമാറണമെന്നും അധികൃതർ നിർദേശിച്ചു.എക്സിറ്റ് പെർമിറ്റ് നിയമത്തിന്റെ സുഗമമായ നടത്തിപ്പിന് ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചു കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തു വിടും.

ഒരു വിദേശ തൊഴിലാളിക്ക് രാജ്യം വിടാൻ തൊഴിലുടമ അനുവാദം നൽകിയില്ലെങ്കിൽ പ്രത്യേക കമ്മറ്റിക്ക് അപേക്ഷ സമർപ്പിക്കാമെന്നും മൂന്ന് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ തീരുമാനം ഉണ്ടാവുമെന്നും അധികൃതർ അറിയിച്ചു. തൊഴിലാളികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ധന സഹായം അനുവദിക്കുന്നതിനുള്ള ക്ഷേമ ഫണ്ട് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കരട് പ്രമേയത്തിന് ഇന്നലെ ചേർന്ന ശൂറാ കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. തൊഴിൽ തർക്ക വിഷയങ്ങളിൽ തൊഴിലുടമയിൽ നിന്ന് പണം ഈടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിലാളി ക്ഷേമ ഫണ്ടിൽ നിന്ന് പണം അനുവദിക്കാനാണ് തീരുമാനം. എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട ഭേദഗതികൾ സംബന്ധിച്ച് തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർക്കയിടയിൽ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.അതേസമയം എക്സിറ്റ് പെർമിറ്റ് ഒഴിവാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി പ്രാബല്യത്തിൽ വരാൻ ഇനിയും ആഴ്ചകൾ എടുത്തേക്കുമെന്ന് സൂചന. സാധാരണ ഗതിയിൽ നിയമഭേദഗതികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു നിശ്ചിത ദിവസങ്ങൾക്ക് ശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ.