• Home
  • News
  • പ്രതീക്ഷയോടെ പ്രവാസികൾ; രൂപയുടെ മൂല്യമിടിയുന്നു

പ്രതീക്ഷയോടെ പ്രവാസികൾ; രൂപയുടെ മൂല്യമിടിയുന്നു

അബുദാബി: രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. ഇതോടെ ദിർഹവുമായുള്ള വിനിമയനിരക്ക് വീണ്ടും ഉയർന്നു. ഒരു ദിർഹത്തിന് 19.72 രൂപ എന്നതാണ് തിങ്കളാഴ്ചത്തെ നിരക്ക്. ഇതോടെ മണി എക്സ്ചേഞ്ചുകളിൽ വീണ്ടും തിരക്കേറി. കഴിഞ്ഞ രണ്ടാഴ്ചയായി എക്കാലത്തേയും ഉയർന്ന നിരക്കാണ് ഗൾഫ് കറൻസികൾക്ക് ലഭിക്കുന്നത്. വിനിമയ മൂല്യം ഉയർന്നത് പ്രവാസിയെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും പ്രളയനാടായ കേരളത്തിന്‌ ഇത് സഹായമാകുമോ എന്ന് സംശയമാണ്. കാരണം രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞതോടെ പ്രളയദുരിതങ്ങൾക്കിടയിൽ കടന്നു വരുന്ന വിലക്കയറ്റം മലയാളികളെ ഏറെ ബാധിക്കും.

ഡീസലിന്റെയും പെട്രോളിന്റെയും വില ഇനിയും കൂടും. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കെല്ലാം നിന്ത്രണാതീതമായി വില കയറും. ഗൾഫ് കറൻസികൾക്ക് മികച്ച വിനിമയനിരക്ക് ലഭിച്ച സമയത്തെല്ലാം കടം വാങ്ങിയും ലോണെടുത്തും നാട്ടിലേക്ക് പണമയക്കുന്നത് ശുപാർശ ചെയ്യാനാവില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരത്തിൽ പണമയക്കുന്നവർ നാട്ടിലെ പണപ്പെരുപ്പവും വിലക്കയറ്റവും മാത്രമല്ല ഗൾഫിലെ അനിശ്ചിതത്വവും

ഓഗസ്റ്റ് 13ന് തുടങ്ങിയ നിരക്ക് വർധനയുടെ ആകർഷണത്തിൽ കയ്യിലുള്ള തുക അയച്ച പലരും പുതിയ റെക്കോർഡ് നിരക്ക് കണ്ട് അന്തംവിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജോലിക്കിടയിലും വിപണിയുടെ ചലനം നിരീക്ഷിച്ചാണ് ഇന്ത്യക്കാരുടെ നീക്കം. രാജ്യാന്തര വിപണിയിൽ ഒരു കുവൈത്ത് ദിനാറിന് 239 രൂപ 58 പൈസയാണ് ഇന്നലെ വൈകിട്ടത്തെ നിരക്ക്.

രാവിലെ ഏഴിന് ഇത് 239.78 വരെ ലഭിച്ചിരുന്നു. ബഹ്റൈൻ ദിനാർ (192.51), ഒമാൻ റിയാൽ (188.49), ഖത്തർ റിയാൽ (19.93), യുഎഇ ദിർഹം (19.76), സൗദി റിയാൽ (19.35) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വിനിമയ നിരക്ക്. പ്രാദേശിക വിപണിയിൽ പത്തു മുതൽ ഇരുപത് പൈസ വരെ കുറഞ്ഞ നിരക്കിലാണ് വിവിധ രാജ്യങ്ങളിലെ ധനവിനിമയ സ്ഥാപനങ്ങൾ നൽകുന്നത്. ഇന്നലെ വൈകിട്ടോടെ ഡോളറിനെതിരെ രൂപ 72.58ലേക്ക് എന്ന നിലയിലേക്ക് തകർന്നു. അമേരിക്ക-ചൈന വ്യാപാര യുദ്ധവും തുർക്കി, അർജന്റീന എന്നീ രാജ്യങ്ങളുമായുള്ള പ്രശ്നവും യുഎസ് പലിശ നിരക്ക് വർധിപ്പിക്കുമെന്ന അഭ്യൂഹവും വിനിമയ നിരക്കിനെ ബാധിച്ചിട്ടുണ്ട്.

Related News