• Home
  • News
  • സ്കൂൾ കലോത്സവം ആഘോഷങ്ങളും പകിട്ടുമില്ലാതെ നടത്താൻ സർക്കാർ തീരുമാനം

സ്കൂൾ കലോത്സവം ആഘോഷങ്ങളും പകിട്ടുമില്ലാതെ നടത്താൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം ആഘോഷങ്ങളും പകിട്ടുമില്ലാതെ നടത്താൻ സർക്കാർ തീരുമാനിച്ചു. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരും സാംസ്കാരിക പ്രവർത്തകരുമായി സംസാരിച്ച ശേഷമാണ് ഈ തീരുമാനത്തിൽ എത്തിയത്. കലോത്സവം ആഘോഷമില്ലാതെ നടത്തുന്നതിന് കലോത്സവ മാന്വൽ പരിഷ്‌കരിക്കേണ്ടി വരും.

കുട്ടികളുടെ ഗ്രേസ്മാർക്ക് നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഇതേത്തുടർന്നാണ് സർക്കാർ തീരുമാനം തിരുത്തിയത്.കലോത്സവ മാന്വലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തീരുമാനത്തിന് മുഖ്യമന്ത്രി തത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തു. നേരത്തെ, സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തം നേരിട്ടതിനേത്തുടർന്ന് ആഘോഷങ്ങൾ എല്ലാം തന്നെ വേണ്ടെന്നു വയ്ക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി സ്കൂൾ കലോത്സവം, സർവകലാശാല കലോത്സവങ്ങൾ, അന്തരാഷ്ട്ര ചലച്ചിത്രമേള എന്നിവ ഇക്കൊല്ലം നടത്തില്ലെന്നുള്ള സർക്കാർ തീരുമാനം വിവാദമായിരുന്നു.

കലോത്സവം നടത്താതിരുന്നാൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. തുടർന്നാണ് ആഘോഷങ്ങളില്ലാതെ തന്നെ കലോത്സവം നടത്താൻ ധാരണയായത്. നേരത്തെ കലോത്സവും അന്താരാഷ്ട്ര ചലച്ചിത്ര മേളയും നടത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. മന്ത്രിമാരെ പോലും അറിയിക്കാതെയുള്ള ഈ നടപടി വിവാദങ്ങൾക്കും വഴിവച്ചിരുന്നു. മന്ത്രി എ.കെ.ബാലനടക്കമുള്ളവർ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് പുനർവിചിന്തനത്തിന് മുഖ്യമന്ത്രി തയ്യാറായത്.

ഇക്കുറി കലോത്സവം വേണ്ടെന്ന സർക്കാർ ഉത്തരവ് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ആശങ്കയിലാക്കിയിരുന്നു.സംസ്ഥാന കലോത്സവം ഒഴിവാക്കിയാലും ജില്ലാതലം വരെ കലോത്സവങ്ങൾ നടത്തി ഗ്രേസ് മാർക്ക് നൽകാമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ.