• Home
  • News
  • സൗദി: സ്വദേശിവത്കരണത്തിന്റെ ഒന്നാംഘട്ടം തുടങ്ങി

സൗദി: സ്വദേശിവത്കരണത്തിന്റെ ഒന്നാംഘട്ടം തുടങ്ങി

റിയാദ്: സൗദി അറേബ്യയിൽ 12 ചെറുകിട വ്യാപാരമേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ ഒന്നാംഘട്ടം ബുധനാഴ്ച മുതൽ. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, കാർഷോറൂമുകൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ, സ്പെയർപാർട്‌സ്, കാർപ്പറ്റ് തുടങ്ങി വിവിധ ഉത്പന്നങ്ങൾ വിൽക്കുന്ന ചെറുകിട വ്യാപാരസ്ഥാപനങ്ങളിലാണ് പ്രാബല്യത്തിൽ വരുന്നത്.

കഴിഞ്ഞ ജനുവരി 28 ന് തൊഴില്‍മന്ത്രി 12 സാമ്പത്തിക മേഖലയിലെ സെയില്‍സ് ഔട്ട്‌ലെറ്റുകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്.നൂറുശതമാനം പ്രഖ്യാപിച്ച ഇവകളില്‍ പിന്നീട് വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ച് എഴുപത് ശതമാനമാക്കി കുറക്കുകയായിരുന്നു. എങ്കിലും ചെറുകിടക്കാരായ കടകള്‍ക്കു എഴുപത് ശതമാനമെന്ന കണക്കും താങ്ങാന്‍ കഴിയില്ലെന്ന കാരണത്താലും തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ രാവിലെ മുതല്‍ രാജ്യവ്യാപക പരിശോധന ആരംഭിച്ചതിനാല്‍ വിദേശികള്‍ നടത്തുന്ന നിരവധി കടകള്‍ അടച്ചു പൂട്ടിയിട്ടിരിക്കുകയാണ്.

സ്വദേശിവത്ക്കരണം പാലിക്കാത്ത കടകള്‍ക്ക് പിഴ ഈടാക്കുകയും നിയമം ലംഘിച്ച് ജോലി ചെയ്തവരെ കസ്റ്റഡിയിലുക്കുകയും ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അഞ്ച് ജീവനക്കാരുള്ള സ്ഥാപനത്തിന് ക്ലീനിംഗ്, ലോഡിംഗ് ചെയ്യാനായി ഒരു വിദേശിയെ ജോലിക്കു വയ്ക്കാം. അഞ്ചിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 20 ശതമാനത്തിലധികം ക്ലീനിംഗ്, ലോഡിംഗ് തൊഴിലാളികളെ അനുവദിക്കുകയുമില്ല. അതേസമയം ഈ മേഖലയിലെ സ്ഥാപനങ്ങളുടെ ഹെഡ് ഓഫീസില്‍ രാവിലെ ഓഫീസ് തുറന്ന് വൈകീട്ട് അടക്കുന്നത് വരെ വിദേശികളെ ജോലിക്കുവയ്ക്കാന്‍ അനുവാദമില്ല.

വൈകീട്ട് അടച്ചതിന് ശേഷം ഓഫീസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ജോലികള്‍ ചെയ്യാന്‍ വിദേശികള്‍ക്ക് അനുവാദമുണ്ട്. ഒരു സ്വദേശി സ്റ്റാഫിന്റെയെങ്കിലും സാന്നിധ്യമില്ലാതെ ഈ സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനും പാടില്ല.

കടകളില്‍ വിദേശികള്‍ക്ക് അനുവദിച്ച ജോലി ചെയ്യണമെങ്കില്‍ അവരുടെ ഇഖാമയിലെ പ്രൊഫഷന്‍ വ്യത്യാസപ്പെടാന്‍ പാടില്ല. സെയില്‍സ് ജോലികള്‍ ചെയ്യാന്‍ അനുവാദമില്ല എന്ന് രേഖപ്പെടുത്തിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും വിദേശികള്‍ ധരിച്ചിരിക്കണമെന്നും മന്ത്രാലയം പറയുന്നു.

Related News

Entertainment