• Home
  • News
  • കുവൈറ്റ് ഗാർഹിക തൊഴിലാളികളെ റിക്രൂട്മെന്റ്; കേരളത്തിൽ ക്യാം‌പെയിൻ നടത്തും

കുവൈറ്റ് ഗാർഹിക തൊഴിലാളികളെ റിക്രൂട്മെന്റ്; കേരളത്തിൽ ക്യാം‌പെയിൻ നടത്തും

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈത്തിലെ അൽ ദുറ കമ്പനി പ്രതിനിധികൾ കേരളത്തിൽ ക്യാം‌പെയിൻ നടത്തും.കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സർക്കാർ നിയന്ത്രിത കമ്പനിയാണ് അൽ ദുറ. നോർക്ക - റൂട്ട്സ് പ്രതിനിധികളുമായി അൽ‌ ദു‌റ കമ്പനി അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. കേരള സർക്കാരിന് കീഴിലുള്ള നോർ‌ക്ക-റൂട്ട്സുമായി അൽ ദുറ കമ്പനി ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് കരാർ നിലവിലുണ്ട്.

500 ഗാർഹിക തൊഴിലാളികളെയാണ് കുവൈത്ത് ആവശ്യപ്പെട്ടിട്ടുള്ളത്. കുവൈത്ത് കമ്പനി പ്രതിനിധികൾ നേരിട്ട് എത്തുന്നത് തൊഴിൽ തേടുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകും എന്നതിനാലാണ് അവരെക്കൂടി ഉൾപ്പെടുത്തിയുള്ള ക്യാം‌പെയിൻ. കേരളത്തിൽ രണ്ടോ മൂന്നോ സ്ഥലത്ത് ക്യാം‌പെയിൻ നടത്താനാണ് ആലോചന.

ഗാർഹികതൊഴിലാളി റിക്രൂട്ട്മെന്റ്, നഴ്സ് നിയമനം തുടങ്ങിയ വിഷയങ്ങൾ സംഘം ചർച്ച ചെയ്‌തു. ഇന്ത്യയിൽനിന്നുള്ള നഴ്സ് നിയമനം ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ച സർക്കാർ ഏജൻസികൾ വഴി മാത്രമാകണമെന്ന താൽപര്യമാണ് കുവൈത്ത് അധികൃതർക്കുള്ളതെന്നാണ് മനസിലാക്കുന്നതെന്ന് സ്ഥാനപതി നോർക്ക സംഘത്തെ അറിയിച്ചു.

നേരത്തെ നോർക്ക-റൂട്ട്സ് അധികൃതർ കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചയുടെ തുടർച്ചയിൽ എംബസി താൽപര്യപൂർവം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും സ്ഥാ‍നപതി അറിയിച്ചു. അതേസമയം കുവൈത്തിലെ സ്വകാര്യ ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സാധ്യതയും നോർക്ക-റൂട്ട്സ് ആരായുന്നുണ്ട്.

Related News