ഡ്യുവൽ സിം മോഡലുകളുമായി ആപ്പിൾ; വിലക്കുറവ് വേണ്ടവർക്ക് ഐഫോൺ ടെൻ ആർ
കലിഫോർണിയ∙ ടെക് ലോകം ഏറെ കാത്തിരുന്ന ഐഫോണിന്റെ പുതിയ മോഡലുകൾ വിപണിയിലേക്ക്.കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മൂന്ന് പുതിയ െഎഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കി. െഎഫോൺ X എസ്, X എസ് മാക്സ്, X ആർ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. ആപ്പിൾ X എസിന് 5.8 ഇഞ്ചും X എസ് മാക്സിന് 6.5 ഇഞ്ചുമാണ് ഡിസ്പ്ലേ വലിപ്പം. സുപ്പർ റെറ്റിന ഒ.എൽ.ഇ.ഡി ഡിസ്പ്ലേയാണ് ഇരു മോഡലുകൾക്കും നൽകിയിരിക്കുന്നത്. കലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലായിരുന്നു അവതരണം. ഐഒഎസ് ഉപകരണങ്ങളുടെ കയറ്റുമതി 200 കോടിയിൽ എത്തിയതായി കമ്പനി സിഇഒ ടിം കുക്ക് അറിയിച്ചു.
‘ലിക്വിഡ് റെറ്റിന ഡിസ്പ്ലേ’ ഉള്ള ഐഫോൺ ടെൻ ആർ ആപ്പിൾ അവതരിപ്പിച്ചു. ‘വിലക്കുറവ്’ ഉള്ള ഐഫോൺ മോഹിക്കുന്നവർക്കായാണിതെന്നു കമ്പനി പറയുന്നു. ഐഫോൺ ടെൻ എസിലും ടെൻ എക്സ് മാക്സിലും ഉള്ള എ12 ബയോണിക് ചിപ്സെറ്റ് തന്നെയാണ് ടെൻ ആറിനും കരുത്ത് പകരുന്നത്. ഫോൺ ഡിസ്പ്ലേ വലുപ്പം 6.1 ഇഞ്ച്. ഐഫോൺ 8 പ്ലസിനേക്കാൾ ഒന്നര മണിക്കൂർ അധികം ബാറ്ററി കപ്പാസിറ്റിയുണ്ട്.
ഐഫോൺ ടെൻ എസ്, ടെൻ എസ് മാക്സ് ഫോണുകൾ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജിൽ ലഭിക്കും. 999 ഡോളറാണ് ഐഫോൺ ടെൻ എസിന്റെ പ്രാരംഭവില. 1099 ഡോളർ മുതലാണ് ടെൻ എസ് മാക്സിന്റെ വില തുടങ്ങുന്നത്. സ്പേസ് ഗ്രേ, സിൽവർ, ഗോൾഡ് ഫിനിഷ് നിറങ്ങളിലാണ് ഈ ഫോണുകൾ.
ടെൻ ആറിന് 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ശേഷിയാണുള്ളത്. 749 ഡോളറിലാണ് വില തുടങ്ങുന്നത്. പുതിയ ഐഫോണുകൾ ഈ മാസം 28 മുതൽ ഇന്ത്യയിൽ ലഭ്യമാകും.