• Home
  • News
  • വാഹന രജിസ്‌ട്രേഷൻ ഇനി ഓട്ടോമാറ്റിക് റിന്യൂവൽ

വാഹന രജിസ്‌ട്രേഷൻ ഇനി ഓട്ടോമാറ്റിക് റിന്യൂവൽ

ദുബായ്: വാഹന ഉടമകൾക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഓട്ടോമാറ്റിക്കായി പുതുക്കാൻ അവസരവുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.സേവനങ്ങൾ പരമാവധി ഓൺലൈനായി നൽകാനുള്ള ആർ.ടി.എ.യുടെ സ്മാർട്ട് ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഇത്. മുൻപ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കുംമാത്രം ലഭ്യമായിരുന്ന ’ഓട്ടോമാറ്റിക് റിന്യൂവൽ’ സൗകര്യം ഇപ്പോൾ വ്യക്തികൾക്കും ലഭിക്കും. ഇതനുസരിച്ച് ആർ.ടി.എ.യുടെ വെബ്‌സൈറ്റ് വഴി വാഹനരജിസ്‌ട്രേഷൻ പുതുക്കാം. അപേക്ഷകന് ആർ.ടി.എ.യുടെ ഇ-വാലറ്റ് അക്കൗണ്ട് ഉണ്ടാകണമെന്ന് മാത്രം.

ആർ.ടി.എ. സേവനങ്ങൾക്ക് പണമടയ്ക്കാനുള്ള മാധ്യമമാണ് ഇ-വാലറ്റ് . www.nol.ae എന്ന വെബ്‌സൈറ്റ് വഴി ഇ- വാലറ്റ് അക്കൗണ്ട് തുറക്കുക. പിന്നീട് വിവരങ്ങൾ നൽകുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ അൽ അൻസാരി എക്സ്‌ചേഞ്ച് വഴിയോ ഇ - വാലറ്റിലേക്ക് പണമയക്കാം. ആർ.ടി.എ. സേവനങ്ങൾക്ക് പണമടയ്ക്കാൻ ഉപഭോക്താക്കൾക്ക് സേവനകേന്ദ്രങ്ങളിൽ പോകേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഇ- വാലറ്റിന്റെ ലക്ഷ്യം.

ആർ.ടി.എ.യുടെ വെബ്‌സൈറ്റിൽ ലൈസൻസിങ് സർവീസസ് തിരഞ്ഞെടുത്താൽ ഓട്ടോമാറ്റിക് റിന്യൂവൽ കാണാം. ഇതിൽ ക്ലിക്ക് ചെയ്തശേഷം കാറിന്റെ നമ്പർ പ്ലേറ്റ് എന്റർ ചെയ്യുക. ഇവിടെ നൽകുന്ന ഇ- മെയിൽ വിലാസം കൃത്യമാണെന്ന് ഉറപ്പിക്കുക. രജിസ്‌ട്രേഷൻ കാലാവധി തീരുന്നതിന് 90 ദിവസം മുൻപ് തൊട്ട് ഈ സേവനം ലഭ്യമാക്കാം. നടപടി പൂർത്തിയായാൽ അറിയിപ്പായി ടെക്സ്റ്റ് മെസേജ് വരും. ഇ- വാലറ്റിൽനിന്ന് ഇതിനുള്ള ഫീസ് പിൻവലിക്കുമ്പോഴും അറിയിപ്പ് വരും. പുതുക്കിയ രജിസ്‌ട്രേഷൻ കാർഡ് അപേക്ഷകൻ തിരഞ്ഞെടുത്ത രീതിക്കനുസരിച്ച് പോസ്റ്റൽകമ്പനിവഴിയോ ആർ.ടി.എ.യുടെ സേവനകേന്ദ്രങ്ങൾ വഴിയോ ലഭിക്കും.

Related News