• Home
  • News
  • 940 ആഡംബര ഹോട്ടൽ മുറികൾ, വമ്പൻ സൗകര്യമുള്ള 391 വില്ലകൾ; സഞ്ചാരികളെ കാത്ത് സൗദിയി

940 ആഡംബര ഹോട്ടൽ മുറികൾ, വമ്പൻ സൗകര്യമുള്ള 391 വില്ലകൾ; സഞ്ചാരികളെ കാത്ത് സൗദിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലെ 'രാജകീയവാസം'

♦രാജ്യത്തെ ഉയരം കൂടിയ കൊടുമുടിയിൽ അത്യാഡംബര ടൂറിസം പദ്ധതി പ്രഖ്യാപിച്ചാണ് ആഗോള സഞ്ചാരികളെ സൗദിയിലേക്ക് ആകർഷിക്കുന്നത്

♦പർവതനിരകളുടെ അന്തരീക്ഷത്തിൽ രാജകീയ താമസവും പ്രകൃതിരമണീയ കാഴ്ചകളും ആസ്വദിക്കാം

റിയാദ് ∙ മഞ്ഞിനെയും മേഘങ്ങളെ തൊട്ട് പച്ചപ്പിനെ തഴുകി മലമുകളിൽ ആഡംബര ജീവിതം നയിക്കാൻ സൗദി അവസരമൊരുക്കുന്നു. രാജ്യത്തെ ഉയരം കൂടിയ കൊടുമുടിയിൽ (3015 മീറ്റർ) അത്യാഡംബര ടൂറിസം പദ്ധതി പ്രഖ്യാപിച്ചാണ് ആഗോള സഞ്ചാരികളെ സൗദിയിലേക്ക് ആകർഷിക്കുന്നത്. സൗദാ പീക്സ് എന്ന പേരിട്ട പദ്ധതിയുടെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി 940 ഹോട്ടൽ മുറികളും 391 വില്ലകളും പണിയും. പർവതനിരകളുടെ അന്തരീക്ഷത്തിൽ രാജകീയ താമസവും പ്രകൃതിരമണീയ കാഴ്ചകളും ആസ്വദിക്കാം. സൗദാ കൊടുമുടിയിലെ വാസം സന്ദർശകർക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കും.

തെക്കുപടിഞ്ഞാറൻ സൗദിയിലെ അസീർ മേഖലയിലുള്ള അൽസൗദാ പർവ്വതത്തിലും റിജാൽ അൽമയുടെ ചില ഭാഗങ്ങളിലുമായാണ് പദ്ധതി നടപ്പാക്കുക. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽകരിക്കുന്നതിന്റെ ഭാഗമാണിതെന്ന് പബ്ലിക് ഇൻവസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) അറിയിച്ചു.

പരിസ്ഥിതി, സാംസ്‌കാരിക, പൈതൃക സമൃദ്ധി എന്നിവ സംരക്ഷിച്ചുകൊണ്ട് വ്യത്യസ്ത ജീവിതാനുഭവം യാഥാർഥ്യമാക്കുന്നതാണ് പദ്ധതി. ആഡംബര പർവത ടൂറിസത്തിന്റെ പുതിയ യുഗത്തെ പ്രതിനിധീകരിക്കുന്നതാണ് പദ്ധതിയെന്ന് സൗദാ ഡവലപ്‌മെന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

വിനോദവും ടൂറിസവും വിപുലീകരിക്കുക, സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുക, നിക്ഷേപം ആകർഷിക്കുക, ജിഡിപിയിലേക്ക് 2900 കോടി റിയാൽ സംഭാവന ചെയ്യുക, പ്രത്യക്ഷവും പരോക്ഷവുമായി ആയിരങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. പുതിയ പദ്ധതി ആഗോള ടൂറിസം ഭൂപടത്തിൽ സൗദിയെ അടയാളപ്പെടുത്തുമെന്നും പറഞ്ഞു. 2033ൽ യാഥാർഥ്യമാകുന്ന പദ്ധതിയിലൂടെ വർഷത്തിൽ 20 ലക്ഷം സന്ദർശകരെ സൗദാ പീക്കിസിൽ എത്തിക്കാമെന്നാണ് പ്രതീക്ഷ. തഹ്‍ലാൽ, സഹാബ്, സബ്ര, ജരീൻ, റിജാൽ, റെഡ് റോക്ക് എന്നീ 6 സോണുകളിലായി വ്യത്യസ്ത വികസന പദ്ധതികൾ നടപ്പാക്കും. ആഡംബര ഹോട്ടലുകൾ ഹിൽ റിസോർട്ടുകൾ, കലാ സാംസ്കാരിക, കായിക, വിനോദ കേന്ദ്രങ്ങൾ, കുന്നിൻചെരിവിൽ വൻ സൗകര്യമുള്ള ചെറിയ കുടിലുകൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All