ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: നീണ്ട നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നീതി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുവാന് സുപ്രീം കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു.
നഷ്ടപരിഹാരം ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനും സുപ്രീംകോടതി ഉത്തരവിട്ടു. റിട്ട.ജസ്റ്റിസ് ഡി.കെ ജെയിന് അധ്യക്ഷനായ സമിതിയായിരിക്കും അന്വേഷണം നടത്തുക.
കസ്റ്റഡി പീഡനം അടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിക്കാം. സിബിഐ ഉദ്യോഗസ്ഥരും അന്വേഷണം നേരിടാന്‍ തയാറാണെന്നും ഒളിച്ചുവയ്ക്കാന്‍ യാതൊന്നുമില്ലെന്നും സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. മൂന്നുവര്‍ഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് വിധി. നഷ്ടപരിഹാരം നല്കാന് ബാധ്യതയില്ലെന്നാണ് മുന്‍ ഡിജിപി സിബി മാത്യൂസിന്റെ അഭിഭാഷകന് വാദിച്ചത്.