• Home
  • News
  • മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ തീവണ്ടി സർവീസ് 24-ന് ഉദ്ഘാടനം ചെയ്യും

മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ തീവണ്ടി സർവീസ് 24-ന് ഉദ്ഘാടനം ചെയ്യും

റിയാദ്: പുണ്യ ഭൂമിയിലെത്തുന്ന ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ ലക്ഷ്യമാക്കി പൂര്‍ത്തിയാക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് ഈ മാസം 24 മുതല്‍ മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കും.തുടക്കത്തില്‍ ഈ വര്‍ഷം അവസാനം വരെ എട്ടു സര്‍വീസുകളാണ് ഉണ്ടാവുകയെങ്കിലും പിന്നീട് അത് വിപുലപ്പെടുത്തി അടുത്ത വര്‍ഷം അത് പന്ത്രണ്ടായി വര്‍ധിപ്പിക്കും.

ഒരു മാസമായി തുടരുന്ന പരീക്ഷണ ഓട്ടങ്ങൾ വിജയിച്ചതോടെയാണ് വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്താൻ ഒരുങ്ങുന്നത്. പരീക്ഷണ ഓട്ടത്തിൻറെ ഭാഗമായി പൊതുജനങ്ങൾക്ക് ഒരു മാസം അനുവദിച്ച സൗജന്യ യാത്ര ഇതോടെ അവസാനിച്ചു.

450 കിലോമീറ്റർ ദൈർഘ്യമുള്ള ഹറമൈൻ തീവണ്ടി പദ്ധതിയിൽ മക്ക, ജിദ്ദ, റാബിഗ്, മദീന എന്നീ സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളിലെ മുഴുവൻ ജോലികളും പൂർത്തിയായി. ജിദ്ദ സ്റ്റേഷൻറെ അനുബന്ധ ജോലികൾ അന്തിമ ഘട്ടത്തിലാണ്. തീവണ്ടി സർവീസ് യാഥാർഥ്യമാകുന്നതോടെ മക്കയിൽനിന്ന് മദീന വരെ സഞ്ചരിക്കാൻ ഒന്നര മണിക്കൂർ മതിയാകും.

ദിവസവും എട്ട് സർവീസുകളാണ് തുടക്കത്തിലുണ്ടാവുക. പിന്നീട് സർവീസ് 12 ആയി ഉയർത്തും. ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കും. മക്കയിലെ മസ്ജിദുൽ ഹറമിൽനിന്ന് നാലുകിലോമീറ്റർ അകലെ അഞ്ചുലക്ഷത്തിലധികം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് റെയിൽവേ സ്റ്റേഷൻ. ഹറമൈൻ പദ്ധതിക്കു വേണ്ടി 5,500 പേരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും ഏറ്റെടുത്തു. ഇതിൽ 1600 കെട്ടിടങ്ങൾ ജനവാസ കേന്ദ്രങ്ങളായിരുന്നു. 6,700 കോടി റിയാൽ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.

Related News