• Home
  • News
  • പരിശോധന ശക്തമായതോടെ കൂടുതൽ മലയാളികൾ നാട്ടിലേക്ക്

പരിശോധന ശക്തമായതോടെ കൂടുതൽ മലയാളികൾ നാട്ടിലേക്ക്

യാമ്പു: പുതിയഘട്ടം സ്വദേശിവത്​കരണം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന്​ തൊഴിൽ മന്ത്രാലയത്തി​​െൻറ പരിശോധന രാജ്യവ്യാപകമായി പുരോഗമിക്കുന്നു. വ്യവസായ നഗരിയായ യാമ്പുവിൽ രാപകൽ ഭേദമില്ലാതെ കഴിഞ്ഞ ദിവസങ്ങളിലും പരിശോധന തുടർന്നു. റെഡിമെയ്ഡ്, പുരുഷ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ പലതും ഇപ്പോഴും പലയിടത്തും അടഞ്ഞു കിടക്കുകയാണ്. വിദേശികളിൽ യമനികളാണ് കൂടുതൽ ഈ മേഖലയിൽ യാമ്പുവിൽ ജോലി ചെയ്തിരുന്നത്. മലയാളികൾ കൂടുതലായി പ്രവർത്തിക്കുന്ന മാളുകളിൽ പലതിലും സൗദി തൊഴിലാളികളെ നിയമിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി തുറന്നു പ്രവർത്തിക്കുന്നുണ്ട്.

നേരത്തെ ഉണ്ടായിരുന്ന മലയാളികൾ അടക്കമുള്ള വിദേശിക ളിൽ പലരും ജോലി നഷ്​ടത്തി​​െൻറ വക്കിലാണെന്ന്​ ജീവനക്കാർ പറഞ്ഞു. ഇവരിൽ രണ്ട് പതിറ്റാണ്ടിലധികമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും ഉണ്ട്. മാളുകളിൽ സൗദിവത്‌കരണം നടപ്പാക്കേണ്ട മേഖലകളിൽ അത് ഉറപ്പാക്കി മുന്നോട്ടു പോയാൽ വിദേശികളെ നിയമിക്കുന്നതിനേക്കാൾ സാമ്പത്തിക ബാധ്യത കുറയുന്നുണ്ടെന്നാണ്​ യാമ്പുവിലും മറ്റും മാൾ നടത്തുന്ന ഒരു കച്ചവടക്കാരൻ പ്രതികരിച്ചത്.

ഓട്ടോ മൊബൈൽ, വസ്ത്രം, ഓഫീസ് ഫർണിച്ചർ, ഗാർഹികോപകരണങ്ങൾ എന്നീ മേഖലകളിലാണ് സെപ്റ്റംബർ 11 മുതൽ സമഗ്ര നിതാഖാത് നടപ്പാക്കിത്തുടങ്ങിയത്. ഈ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളിൽ സമഗ്ര നിതാഖാത് നിർബന്ധമാക്കിയതോടെ 70 ശതമാനം വിദേശികൾക്ക് ജോലി നഷ്ടമാകും.

സമഗ്ര സ്വദേശിവത്കരണം നടപ്പാക്കണമെന്ന നിയമം പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയ്ക്കായി അധികൃതർ എത്തിയപ്പോഴാണ് പല സ്ഥാപനങ്ങളും അടച്ചിട്ടത് ശ്രദ്ധയിൽപ്പെട്ടത്. സ്റ്റോക്കെടുപ്പ് എന്ന ബോർഡ് തൂക്കിയാണ് പല കടകളും അടച്ചിട്ടിരിക്കുന്നത്. എന്നാൽ ഈ കടകളിൽ പലതും ഇനി തുറക്കാൻ കഴിയാത്ത സാഹചര്യത്തിലാണെന്നാണ് സൂചനകൾ.

റിയാദ്, നജ്‌റാൻ തുടങ്ങിയ മേഖലകളിലാണ് കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടന്നത്. പരിശോധനയിൽ പിടിക്കപ്പെട്ടാൽ വൻതുക പിഴയായി ഈടാക്കുമെന്നാണ് തൊഴിൽമന്ത്രാലയം അറിയിച്ചത്. തുറന്നിരുന്ന 50-ലേറെ സ്ഥാപനങ്ങളിൽ നിയമലംഘനം നടന്നതായി കണ്ടെത്തി.

സൗദിയിലെ വ്യാപാര മേഖലയിൽ ഇപ്പോൾ ജോലി ചെയ്യുന്നവരിൽ 65 ശതമാനത്തോളം പേർ വിദേശികളാണ്. 12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയിൽ ജോലി ചെയ്യുന്നത്.

Related News