• Home
  • News
  • യുഎഇയിൽ 5 വര്‍ഷത്തേക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കുടുംബത്തോടൊപ്പം താമസം, ഗ്

യുഎഇയിൽ 5 വര്‍ഷത്തേക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കുടുംബത്തോടൊപ്പം താമസം, ഗ്രീന്‍ വിസ ആര്‍ക്കെല്ലാം അറിയാം

 

അബുദാബി : യുഎഇയില്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ജീവിക്കാനും ജോലി ചെയ്യാനും നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ കുടുംബത്തോടൊപ്പം താമസിക്കാനും ജോലി ചെയ്യാനുമുള്ള അഞ്ചു വര്‍ഷത്തെ ഗ്രീന്‍ വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) സമൂഹ മാധ്യമത്തില്‍ പ്രസിദ്ധപ്പെടുത്തി.

സംരംഭകര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്കും അപേക്ഷിക്കാം. നിലവില്‍ വിദേശത്തുള്ളവര്‍ക്ക് യുഎഇയിലെത്തി ഗ്രീന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും. ഗ്രീന്‍ വിസ ഉടമകളുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് തുല്യകാലയളവിലേക്ക് വിസ ലഭിക്കും. വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കാന്‍ 30 ദിവസത്തെ സാവകാശമുണ്ട്.
കമ്പനി ഡയറക്ടര്‍മാര്‍, എക്‌സിക്യൂട്ടീവുകള്‍, എന്‍ജിനീയര്‍മാര്‍, ശാസ്ത്ര, സാങ്കേതിക, മാനുഷിക മേഖലകളിലെ പ്രഫഷനലുകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഒമ്പത് വിഭാഗങ്ങളിലെ അതിവിദഗ്ധര്‍ക്കും ഗ്രീന്‍ വിസ ലഭിക്കും.

വിദേശ കമ്പനിയുടെ പേരിലാണ് യുഎഇയില്‍ നിക്ഷേപിക്കുന്നതെങ്കില്‍ വാണിജ്യ കമ്പനി നിയമം അനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. പബ്ലിക് ഷെയര്‍ ഹോള്‍ഡിങ് കമ്പനി, പ്രൈവറ്റ് ജോയിന്റ് സ്റ്റോക്ക് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി കമ്പനി എന്നിവയില്‍ ഒന്നായി രജിസ്റ്റര്‍ ചെയ്യണം. പങ്കാളിത്ത ബിസിനസ് ആണെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത തുക നിക്ഷേപിക്കണം. പുതിയതും പഴയതുമായ കമ്പനിയില്‍ നിക്ഷേപിക്കുകയാണെങ്കിലും 10 ലക്ഷം ദിര്‍ഹം മൂലധനം ഉണ്ടാകണം. സമാന മാനദണ്ഡം പാലിക്കാത്തവരുടെ ഗ്രീന്‍ വിസ പുതുക്കില്ല. പകരം രണ്ടു വര്‍ഷത്തെ സാധാരണ വിസയാക്കി മാറ്റും.
ഐസിപി നിശ്ചയിച്ചിട്ടുള്ള നാല് നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. ഈ വിസയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഫ്രീലാന്‍സ്/സ്വയം തൊഴില്‍ പെര്‍മിറ്റ്, ബിരുദം അല്ലെങ്കില്‍ സ്‌പെഷ്യലൈസ്ഡ് ഡിപ്ലോമ എന്നിവയുടെ തെളിവ്, കഴിഞ്ഞ രണ്ട് വര്‍ഷത്തെ സ്വയം തൊഴിലില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്റെ തെളിവ് എന്നിവ സമര്‍പ്പിക്കേണ്ടതുണ്ട്. 360,000 ദിര്‍ഹത്തില്‍ കുറയാത്ത തുക, അല്ലെങ്കില്‍ അവര്‍ യുഎഇയില്‍ താമസിക്കുന്നതിലുടനീളം സാമ്പത്തിക ഭദ്രതയുടെ രേഖകളും ഹാജരാക്കണം.
വിദഗ്ദ്ധരായ ജീവനക്കാര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ മാനദണ്ഡപ്രകാരം ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദഗ്ധ തൊഴിലാളിയായിരിക്കണം. കുറഞ്ഞത് ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കുകയും മാസം തോറും 15,000 ദിര്‍ഹത്തില്‍ കുറയാത്ത ശമ്പളം ലഭിക്കുകയും വേണം.
ഈ വിസ കാലാവധി തീരുമ്പോള്‍ അതേ കാലയളവിലേക്ക് പുതുക്കാവുന്നതാണ്. ഇതിന് അനുവദിക്കുന്ന 30 ദിവസത്തെ സാവകാശത്തിനുള്ളില്‍ പുതുക്കാതെ യുഎഇയില്‍ തങ്ങിയില്‍ ആദ്യ ദിവസം 125 ദിര്‍ഹമും തുടര്‍ന്നുള്ള ഓരോ ദിവസത്തിനും 25 ദിര്‍ഹം വീതവും പിഴ ചുമത്തും. അനധികൃത താമസം ആറ് മാസത്തില്‍ കൂടിയാല്‍ പ്രതിദിനം 50 ദിര്‍ഹമും ഒരു വര്‍ഷത്തില്‍ കൂടിയാല്‍ 100 ദിര്‍ഹമും ആയിരിക്കും പിഴ.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All