• Home
  • News
  • യുഎയിൽ ദുരിതംവിതച്ച് മഴ : വൈദ്യുതി മുടക്കം, ജലവിതരണം ഇല്ല, ഗതാഗതം സ്തംഭിച്ചു

യുഎയിൽ ദുരിതംവിതച്ച് മഴ : വൈദ്യുതി മുടക്കം, ജലവിതരണം ഇല്ല, ഗതാഗതം സ്തംഭിച്ചു

ദുബായ് ∙ ഇന്നലെ (ചൊവ്വ) മുതൽ പെയ്ത കനത്ത മഴയെ തുടർന്ന് ഷാർജയിലെയും ദുബായിലെയും നിരവധി കെട്ടിടങ്ങൾ, വില്ലകൾ, ടൗൺഹൗസ് കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി. ഷാർജയിലെ അൽ മജാസ് ഏരിയയിലെ ചില അപാർട്ട്‌മെന്റ് ബ്ലോക്കുകളിൽ ഇന്ന് പുലർച്ചെ 3 മുതൽ വൈദ്യുതിയും ഇൻറർനെറ്റും ഇല്ലായിരുന്നു. പിന്നീട് ജലവിതരണവും ഇല്ലാതായെന്ന് താമസക്കാർ പറഞ്ഞു. ദുബായ് ലുലു വില്ലേജിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വൈദ്യുതി മുടങ്ങിയതിനാൽ പതിവിലും മണിക്കൂറുകൾ വൈകിയാണ് പ്രവർത്തനം പുനരാരംഭിച്ചത്. എല്ലായിടത്തും ജല – വൈദ്യുതി വിതരണം ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ദുബായിലും മറ്റും മഴ ശമിച്ചിട്ടുണ്ടെങ്കിലും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ, മിക്ക റോഡുകളിലും മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഗതാഗതം ആരംഭിച്ചിട്ടില്ല. ഇന്ന് രാവിലെ ഓഫീസുകളിലേയ്ക്കും മറ്റും പുറപ്പെട്ടവർ റോഡ‍് അടച്ചതിനാൽ പാതിവഴിയിൽ തിരിച്ചുവരേണ്ടി വന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വഴി മുഹൈസിനയിൽ നിന്ന് ദുബായ് സ്റ്റുഡിയോ സിറ്റിയിലേയ്ക്ക് പുറപ്പെട്ട താൻ മിർദിഫിന് അടുത്ത് നിന്ന് മടങ്ങേണ്ടി വന്നതായി മിറാജ് മുഹമ്മദ് മനോരമ ഓൺലൈനിനോട് പറഞ്ഞു. എതിർദിശയിൽ കൂടുതൽ മഴവെള്ളം ഉള്ളതിനാൽ അങ്ങോട്ടുപോയ റോഡിലൂടെ തന്നെയാണ് എല്ലാവരും മടങ്ങുന്നത്. വെള്ളത്തിൽ പലിയടത്തും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഒഴുകി നടക്കുന്നതും കാണാമായിരുന്നു.

∙ വിമാനങ്ങൾ റദ്ദാക്കി; സർവീസ് പുനരാരംഭിക്കാൻ കാലതാമസമുണ്ടാകും
കനത്ത മഴയെത്തുടർന്ന് ഇന്ന് (17 ബുധൻ) ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക് - ഇൻ എമിറേറ്റ്സ് എയർലൈൻ താൽക്കാലികമായി നിർത്തിവച്ചു. വിമാനം പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും യാത്രക്കാർ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ അറിയിച്ചു.

പ്രശ്ന ബാധിതരായ ഉപയോക്താക്കൾക്ക് റീബുക്കിങ്ങിനായി അവരുടെ ബുക്കിങ് ഏജന്റിനെയോ എമിറേറ്റ്‌സ് കോൺടാക്റ്റ് സെൻ്ററിനെയോ ബന്ധപ്പെടാം. ദുബായിൽ എത്തി ഇതിനകം ട്രാൻസിറ്റിലിരിക്കുന്ന യാത്രക്കാരെ അവരുടെ വിമാനങ്ങൾക്കായി നടപടികൾ തുടരും. യാത്രക്കാർക്ക് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും കാലതാമസം പ്രതീക്ഷിക്കാമെന്നും എമിറേറ്റ്‌സ് വെബ്‌സൈറ്റിൽ ഏറ്റവും പുതിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കാമെന്നും പ്രസ്താവനയിൽ നിർദേശിച്ചു.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഫ്ലൈ ദുബായ് എയർലൈൻസിന്റെ പ്രവർത്തനങ്ങളെ നിലവിലെ കാലാവസ്ഥ തടസ്സപ്പെടുത്തിയതായി വക്താവ് പറഞ്ഞു. ഇതേത്തുടർന്ന് പല ഫ്ലൈദുബായ് വിമാനങ്ങളും റദ്ദാക്കപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്തു.

∙ ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലേയ്ക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ഇന്നലെ വൈകിട്ട് എത്തേണ്ട വിമാനങ്ങൾ പ്രതികൂല സാഹചര്യം മെച്ചപ്പെടുന്നതുവരെ താൽക്കാലികമായി വഴിതിരിച്ചുവിട്ടതായി ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) അറിയിച്ചു. എങ്കിലും പുറപ്പെടലുകൾ (ഡിപാർചർ) ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കും. പ്രവർത്തനങ്ങൾ സാധാരണ പോലെ പുനഃസ്ഥാപിക്കുന്നതിനും ഉപയോക്താക്കൾക്കുള്ള അസൗകര്യം കുറയ്ക്കുന്നതിനും എയർപോർട്ട് അതിൻ്റെ പ്രതികരണ ടീമുകളുമായും സേവന പങ്കാളികളുമായും കഠിനമായി പരിശ്രമിക്കുന്നുവെന്ന് ദുബായ് എയർപോർട്ട്സ് അധികൃതർ അറിയിച്ചു. അതിഥികളോട് അവരുടെ ഫ്‌ലൈറ്റിൻ്റെ അവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നതിന് എയർലൈനുമായി നേരിട്ട് പരിശോധിക്കാനും വിമാനത്താവളത്തിലേയ്ക്ക് അധിക യാത്രാ സമയം അനുവദിക്കാനും സാധ്യമാകുന്നിടത്ത് ദുബായ് മെട്രോ ഉപയോഗിക്കാനും അഭ്യർഥിച്ചു. യാത്രക്കാർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും എമിറേറ്റ്സ് പറഞ്ഞു. എയർ അറേബ്യ പല വിമാനങ്ങളും റദ്ദാക്കുകയും റി ഷെഡ്യൂൾ ചെയ്യുകയുമുണ്ടായി. ഇതുസംബന്ധമായ വിശദവിവരങ്ങൾ എയർ അറേബ്യ വെബ് സൈറ്റിൽ ലഭ്യമാണ്.

∙ മെട്രോ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി
അസ്ഥിര കാലാവസ്ഥ ദുബായ് മെട്രോ സർവീസുകളെ സാരമായി ബാധിച്ചു. പല സ്റ്റേഷനുകളിലും മഴവെള്ളം കയറിയിരുന്നു. സർവീസുകൾ ഏറെക്കുറെ സ്തംഭിച്ചതിനാൽ പല സ്റ്റേഷനുകളിലുമായി ഇരുനൂറോളം യാത്രക്കാർ കുടുങ്ങി. ദുബായിലെ എല്ലാ മെട്രോ, റോഡ് ഉപയോക്താക്കൾക്കും സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All