• Home
  • News
  • യുഎഇയുടെ മണ്ണിലും 'കൺട്രോൾ റൂം' സജ്ജമാക്കി മലയാളികൾ;പ്രളയത്തെ നേരിട്ട പ്രവാസിക്ക

യുഎഇയുടെ മണ്ണിലും 'കൺട്രോൾ റൂം' സജ്ജമാക്കി മലയാളികൾ;പ്രളയത്തെ നേരിട്ട പ്രവാസിക്കരുത്ത്

ദുബായ് ∙ 2018 ലെ കേരളത്തിലെ പ്രളയത്തിൽ കുടുങ്ങിയവരെ തുണച്ച സമൂഹമാധ്യമങ്ങളിലെ  'കൺട്രോൾ റൂം' യുഎഇയുടെ മണ്ണിലും സജ്ജമാക്കി മലയാളികൾ. ഇക്കഴിഞ്ഞ ചൊവാഴ്ച്ച പെയ്ത മഴയിൽ യുഎഇ വിറങ്ങലിച്ച് നിന്നപ്പോൾ സ്നേഹ കുടയുമായി മലയാളികളില്‍ ഇറങ്ങിയത് അൽ വഫയിൽ ജോലി ചെയ്യുന്ന മുനീറിന്‍റെ നേതൃത്വത്തിലാണ്. ഈ മാസം 23 ന് യുഎഇയിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ സഹായിക്കുന്നതിന് മുനീറും സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഒരാഴ്ച്ച പിന്നിടും മുൻപേ 7000 അംഗങ്ങളുള്ള വിവിധ ഗ്രൂപ്പുകളായി വളർന്നു.

ദുബായ്, ഷാർജ, അജ്മാൻ, അബുദാബി എന്നിവിടങ്ങളിലെല്ലാം മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്നേഹകൂട്ടായ്മ സഹായ പ്രവർത്തനങ്ങളുമായി എത്തിക്കഴിഞ്ഞു. കേരളത്തിലെ പ്രളയകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, അപരിചിതരായ മനുഷ്യർ അതിജീവനത്തിനായി ഒന്നിച്ചു നിൽക്കുന്ന കാഴ്ചയാണ് ഇവിടെയും കാണാൻ കഴിയുന്നത്. ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനാണ് ഈ കൂട്ടായ്മ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം എത്തിക്കുന്നതിനുള്ള നേതൃത്വം ഏറ്റെടുത്തിരിക്കുന്ന സ്ത്രീകളുടെ സംഘമാണ് ഈ കൂട്ടായ്മയുടെ പ്രധാന കരുത്ത്.

ഗ്രൂപ്പിലൂടെ അറിയിക്കുന്ന ആവശ്യങ്ങൾക്ക് വളരെ വേഗത്തിൽ പ്രതികരണം ലഭിക്കുന്നുവെന്ന് ഷാർജയിൽ 18 വർഷമായി താമസിക്കുന്ന പത്തനംതിട്ട പ്രമാടം സ്വദേശിനി അഞ്ജന അനീഷ് പറഞ്ഞു. ഷാർജ മുവെയ്‌ലയിൽ താമസിക്കുന്ന അഞ്ജന ഉൾപ്പെടെയുള്ള നിരവധി പേരുടെ മൊബൈൽ ഫോണുകൾ ഇപ്പോൾ ഒരു കൺട്രോൾ റൂം പോലെയാണ് പ്രവർത്തിക്കുന്നത്. ഓരോ മേഖലയിലും കോർഡിനേറ്റർമാരെ നിയോഗിച്ച് അവരുടെ കീഴിൽ സബ് ഗ്രൂപ്പുകൾ രൂപീകരിച്ച് സഹായം വിതരണം ചെയ്യുന്നുണ്ട്. യുവാക്കൾ സഹായം എത്തിക്കുന്നതിന് വലിയ തോതിൽ സന്നദ്ധ സേവനം നൽകുന്നുണ്ടെന്ന് അഞ്ജന അനീഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഫ്ലാറ്റുകളിലും വിമാനത്താവളങ്ങളിലും കുടുങ്ങിയവരെ സുരക്ഷിതമായി സ്ഥലങ്ങളിൽ എത്തിച്ച് കൊണ്ട് ഈ കൂട്ടായ്മ അവിരാമം പ്രർത്തിക്കുകയാണ്. വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഇവർ പ്രതിഫലം പ്രതീക്ഷിക്കുന്നില്ല. അതിജീവനം മാത്രമാണ് ഈ മലയാളി കൂട്ടായ്മയുടെ ലക്ഷ്യം. ഭക്ഷണത്തിനും വെള്ളത്തിനും പുറമെ, ബിസ്കറ്റും സാനിറ്ററി നാപ്കിൻ പോലുള്ള മറ്റ് ആവശ്യവസ്തുക്കളും ഇവർ വിതരണം ചെയ്യുന്നുണ്ട്. പത്തനംതിട്ട പ്രമാടം സ്വദേശിനിയായ അഞ്ജന ഷാർജയിൽ ഡാറ്റ എൻജിനീയറായി ജോലി ചെയ്യുന്നു. അഞ്ജനയുടെ സേവന പ്രവർത്തനങ്ങൾ പിന്തുണയുമായി ഭർത്താവ് അനീഷും മക്കളായ അനന്യയും അൻവിയയും ഒപ്പമുണ്ട്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All