• Home
  • News
  • ഗൾഫ് രാജ്യങ്ങളിലെ സിനിമാ വ്യവസായത്തിനു വൻനിക്ഷേപം

ഗൾഫ് രാജ്യങ്ങളിലെ സിനിമാ വ്യവസായത്തിനു വൻനിക്ഷേപം

ദുബായ്: ഗൾഫ് നാടുകളിൽ സിനിമാരംഗത്ത് വൻനിക്ഷേപം എത്തുന്നു. 35 വർഷത്തിനുശേഷം സൗദി അറേബ്യ സിനിമയ്ക്കുള്ള വിലക്ക് നീക്കിയതോടെയാണ് വീണ്ടും സിനിമാ വ്യവസായത്തിലേക്ക് വൻ നിക്ഷേപം എത്തുന്നത്.

സൗദിയിൽ 35 വർഷമായി നിലനിന്ന നിരോധനം നീങ്ങിയശേഷം സിനിമാരംഗത്തും അനുബന്ധ മേഖലകളിലും വൻ സംരംഭങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്.ദുബായ് കേന്ദ്രമായുള്ള മാജിദ് അൽ ഫുത്തൈം ഗ്രൂപ്പ് സൗദിയിൽ 54 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. 600 തിയറ്ററുകൾ തുടങ്ങാനാണു പദ്ധതി. മറ്റു ജിസിസി രാജ്യങ്ങളിൽ 30 കോടി ഡോളറിന്റെ നിക്ഷേപം നടത്താനും ധാരണയായി.

വോക്സ് സിനിമയുടെ ഉടമസ്ഥരായ മാജിദ് അൽ ഫുത്തൈമിന് മധ്യപൂർവദേശത്ത് ഷോപ്പിങ് മാൾ, ഹൈപ്പർമാർക്കറ്റ് ശൃംഖലകളുമുണ്ട്.2030 ആകുമ്പോഴേക്കും സൗദിയിലെ ഡവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്റർടെയ്ൻമെന്റ് കമ്പനി (ഡിഐഇസി) 270 കോടി ഡോളറിന്റെ നിക്ഷേപവും നടത്തും. അതോടെ മധ്യപൂർവദേശത്ത് സിനിമയ്ക്കു വൻ സാധ്യതകളുള്ള രാജ്യമായി സൗദി മാറുമെന്നാണു പ്രതീക്ഷ.

ദുബായിൽ അടുത്തമാസം 28, 29 തീയതികളിൽ നടക്കുന്ന 'മെന സിനിമ ഫോറ'ത്തിൽ പദ്ധതികളുടെ രൂപരേഖയാകും. ചലച്ചിത്ര കലാകാരന്മാർ, നിർമാതാക്കൾ, വ്യവസായികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടെ 30 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.45 രാജ്യാന്തര പ്രഭാഷകർ ഉണ്ടായിരിക്കും. ചലച്ചിത്രമേഖലയിലെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യും.

Related News