പുരുഷ തൊഴിലാളികൾക്കായി നിർമ്മിച്ച ആശുപത്രിയിൽ ആദ്യ രോഗിയെത്തി
ദോഹ:രാജ്യത്തെ പുരുഷ തൊഴിലാളികൾക്ക് മാത്രമായി ഒരു ആശുപത്രി. ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിൽ നിർമ്മിച്ച ഹസം മിബൈരീക് ജനറൽ ആശുപത്രിയിൽ ഇേൻറണൽ മെഡിസിൻ ക്ലിനിക്കിൽ ആദ്യ രോഗിയെത്തി.ഇൻഡസ്ട്രിൽ ഏരിയയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഹമദ് മെഡിക്കൽ കോർപറേഷൻ ശൃംഖലയിലെ സ്പെഷ്യാലിറ്റി, കമ്മ്യൂണിറ്റി ആശുപത്രികളുമായി ചേർന്ന് പ്രവർത്തിക്കും.
ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി നിർമ്മിച്ച ഹസം മിബൈരീക് ജനറൽ ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം വരും മാസങ്ങളിൽ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾക്ക് പുറമേ ക്ലിനിക്കൽ സപ്പോർട്ട് സേവനങ്ങളും ആശുപത്രിയിലുണ്ടാകും. ഇൻപേഷ്യൻറ് സംവിധാനം, സർജിക്കൽ സേവനങ്ങൾ, അടിയന്തര ചികിത്സ തുടങ്ങിയ സേവനങ്ങളും ഹസം മിബൈരിക് ആശുപത്രിയിൽ തൊഴിലാളികൾക്കായി നൽകും.