• Home
  • News
  • ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം; പ്രവാസികൾ ആശങ്കയിൽ

ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം; പ്രവാസികൾ ആശങ്കയിൽ

റിയാദ്: സൗദി ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നിര്‍ദേശവുമായി ശൂറാ കൗണ്‍സില്‍ രംഗത്ത്. ഇതു സംബന്ധിച്ച മാർഗരേഖ അടുത്തയാഴ്ച കൗൺസിൽ പരിഗണിക്കും.സൗദികളുടെ തോത് തീരെ കുറഞ്ഞ നഴ്‌സിങ് ഉൾപ്പെടെയുള്ള ജോലികളിൽ പരമാവധി സ്വദേശികളെ നിയമിക്കണമെന്നും ശൂറാ കൗൺസിൽ ആരോഗ്യ സമിതി നിർദേശിച്ചു. മലയാളി നഴ്‌സുമാരും ഡോക്ടർമാരും ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ നീക്കം തിരിച്ചടിയാവും.

റിയാദ് കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റൽ വാർഷിക റിപ്പോർട്ട് അവലോകനയോഗത്തിലാണ് ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കണമെന്ന് ശൂറാ കൗൺസിൽ ആരോഗ്യസമിതി നിർദേശിച്ചത്. അതേസമയം, അടുത്ത ഒന്‍പതു വര്‍ഷത്തിനിടെ സൗദി ആരോഗ്യ മേഖലയില്‍ ഒന്നേമുക്കാല്‍ ലക്ഷം സ്വദേശി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്. പൊതു ജനങ്ങൾക്ക് രാജ്യത്തെ ആശുപത്രികളിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾ അവലോകനം ചെയ്യും. ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനക്ഷമത, ചികിത്സയ്ക്കായി കാത്തിരിക്കുന്ന സമയം, അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ, ജീവനക്കാരുടെ കാര്യക്ഷമത എന്നിവയും ശൂറാ കൗൺസിൽ ചർച്ച ചെയ്യും.

ആരോഗ്യ മേഖലയിലെ ഡോക്ടര്‍, ഫാര്‍മസിസ്റ്റുകള്‍, ഡെന്റിസ്റ്റുകള്‍, വിവിധ മെഡിക്കല്‍ രംഗത്തെ സ്‌പെഷ്യലിസ്റ്റുകള്‍, നഴ്‌സുമാര്‍ തുടങ്ങി വിവിധ ,മേഖലകളിലാണ് 171,700 സഊദികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നീക്കമാരംഭിച്ചത്. എന്നാല്‍, സ്വദേശികളായ നഴ്‌സുമാരുടെ എണ്ണം വളരെ കുറവാണെന്നും ഒന്‍പതു വര്‍ഷത്തിനിടക്ക് ഇത് 12 ശതമാനമായി മാത്രമേ ഉയരൂവെന്നുമാണ് കരുതുന്നത്. നിലവില്‍ 1,85,700 വിദേശ നഴ്‌സുമാര്‍ രാജ്യത്തുള്ളപ്പോള്‍ 26,200 സ്വദേശി നഴ്‌സുമാര്‍ മാത്രമാണ് രംഗത്തുള്ളത്.

സൗദിയിൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളിൽ വിദേശികൾക്കാണ് ആധിപത്യം. നഴ്‌സുമാരിൽ 75 ശതമാനവും ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. ഡോക്ടർമാരിൽ 90 ശതമാനവും വിദേശികളാണ്. അതിനാൽ ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം നൂറുകണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുത്താൻ ഇടവരുത്തും.

Entertainment