• Home
  • News
  • ഗൾഫിൽ ഭക്ഷ്യ വസ്തുക്കൾക്ക് 15–20% വില കൂടി; പ്രവാസികളുടെ കഞ്ഞികുടി മുട്ടുമോ?

ഗൾഫിൽ ഭക്ഷ്യ വസ്തുക്കൾക്ക് 15–20% വില കൂടി; പ്രവാസികളുടെ കഞ്ഞികുടി മുട്ടുമോ?

അബുദാബി∙ നിത്യോപയോഗ സാധനങ്ങളുടെ വിലവർധന പ്രവാസി കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കുൾപ്പെടെ 15–20% വില വർധിച്ചതായി പ്രവാസികൾ പറയുന്നു. 

 കോവിഡ് മൂലം 2 വർഷമായി ശമ്പള വർധനയില്ലാത്തവർ അധികച്ചെലവ് എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ്. ജോലി നഷ്ടപ്പെട്ടവരും വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കാത്തവരും ബുദ്ധിമുട്ടിലാണ്. 

നേരത്തെ ഒരാഴ്ചയ്ക്കുള്ള സാധനങ്ങൾ 250 ദിർഹത്തിനു വാങ്ങിയിരുന്നെങ്കിൽ 350–400 ദിർഹം വേണ്ടിവരുന്നെന്ന് വീട്ടമ്മമാർ പറയുന്നു. തണുപ്പാകുന്നതോടെ മത്സ്യം, പച്ചക്കറി വില കുറയുമെന്നാണ് പ്രതീക്ഷ. 

ന്യായീകരിച്ച് വ്യാപാരികൾ 

വില വർ‌ധനയ്ക്ക് പല കാരണങ്ങളാണ് വിതരണക്കാരും ഇറക്കുമതിക്കാരും പറയുന്നത്. വിവിധ രാജ്യങ്ങളിൽ ഉൽപാദനം കുറഞ്ഞതും ഫാക്ടറികൾ പ്രവർത്തനം നിർത്തിയതും ലഭ്യത കുറച്ചു. യാത്രാ പ്രശ്നം മൂലം വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്നറുകൾ കുടുങ്ങിയതും ചരക്കുകൂലി കൂട്ടിയതും വില വർധനയുണ്ടാക്കി.

ഗതാഗത തടസ്സവും കാലാവസ്ഥാ മാറ്റങ്ങളും പെട്രോൾ വില വർധനയുമാണ് മറ്റു കാരണങ്ങൾ. എന്നാൽ ചില വൻകിട കമ്പനികൾ സ്റ്റോക്ക് തീരുന്നതുവരെ വില വർധിപ്പിക്കാതിരുന്നത്  ആശ്വാസമായി. യാത്രവിലക്കുള്ള രാജ്യങ്ങളിൽ നിന്ന് ചാർട്ടേർ‍ഡ് വിമാനത്തിൽ സാധനങ്ങൾ എത്തിക്കേണ്ടിവരുന്നതും ചെലവുകൂട്ടുന്നതായി ഇവർ പറയുന്നു. 

പഞ്ചസാരയും പാലും  മധുരിക്കില്ല

10 ദിർഹത്തിനു ലഭിച്ചിരുന്ന 2 ലീറ്റർ പാലിന് 12 ദിർഹമായി. ഒരു ട്രേ മുട്ട (30 എണ്ണം) 20ൽ നിന്ന് 22, പഞ്ചസാര (5 കിലോ) 10ൽനിന്ന് 14.50, കടല 8–10, ചെറുപയർ 7.50–9,  പരിപ്പ് 8 –10, സവാള 1.90 – 3.50, പാചക എണ്ണ 18 – 25, ചിക്കൻ ഫ്രഷ് 15 – 18.50, ഫ്രോസൻ  (800 ഗ്രാം) 6.50 – 9, ബീഫ് 19.50 – 22.50, മട്ടൻ 38.50 – 43 ആയും വർധിച്ചു.

തൂക്കവും എണ്ണവും കുറച്ചു

വില കൂട്ടാതെ തൂക്കം കുറച്ചവരുമുണ്ട്. ആറെണ്ണമുണ്ടായിരുന്ന ഖുബ്ബൂസ് പായ്ക്കറ്റിൽ ഇപ്പോൾ 4 എണ്ണമേയുള്ളൂ. വില 2.75. ബിസ്കറ്റുകളുടെ വലുപ്പവും തൂക്കവും കുറച്ചു. പായ്ക്കറ്റ് അരി, മുളക്, മല്ലി,  മഞ്ഞൾ പൊടികൾക്കും അച്ചാറുകൾക്കും 1 മുതൽ 3 ദിർഹം വരെ കൂട്ടി. പാചക എണ്ണയ്ക്കും  5 ദിർഹം വരെ വർധിച്ചു. ബസ്മതി അരിയിലും 2–5 ദിർഹത്തിന്റെ വ്യത്യാസം പ്രകടം. പഴം, പച്ചക്കറി എന്നിവയുടെ വിലയിലും ചെറിയ മാറ്റം.

ചെലവ്  ചുരുക്കാൻ പൊടിക്കൈകൾ

വാരാന്ത്യങ്ങളിൽ സൂപ്പർ, ഹൈപ്പർമാർക്കറ്റുകളുടെ ഓഫറുള്ള (ആദായവിൽപന) സാധനങ്ങൾ കൂടുതലായി വാങ്ങി ശേഖരിച്ചും വിഭവങ്ങളുടെ എണ്ണം കുറച്ചും തരണം ചെയ്യാം. വ്യത്യസ്ത സാധനങ്ങൾ വിവിധ കടകളിലെ വിലക്കുറവു നോക്കി മാത്രം വാങ്ങാം. കുടുംബ സുഹൃത്തുക്കൾ ചേർന്ന് മാർക്കറ്റിൽപോയി കുറഞ്ഞ വിലയ്ക്കു കൂടുതൽ സാധനങ്ങൾ വാങ്ങി പങ്കിട്ടെടുത്തും വില വർധന നേരിടുന്ന കുടുംബങ്ങളുണ്ട്. ഒരു ഫ്ളാറ്റിൽ/വില്ലയിൽ താമസിക്കുന്ന കുടുംബങ്ങൾ ഒന്നിച്ച് പാചകം ചെയ്തും ചെലവു കുറയ്ക്കുന്നു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All