• Home
  • News
  • നിയമം ലംഘിച്ചാൽ നാടുകടത്താൻ കുവൈത്ത്
kuwait

നിയമം ലംഘിച്ചാൽ നാടുകടത്താൻ കുവൈത്ത്

കുവൈത്ത് സിറ്റി: 6 കൊല്ലത്തിനിടെ കുവൈത്ത് 36,000 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. ഇതിൽ 7000 വനിതകളുമുണ്ട്. 2013 മുതൽ 2019 വരെ നാടുകടത്തപ്പെട്ട വിദേശികളുടെ എണ്ണം 1,48,000 ആണ്. അവരിൽ 60,000 പേർ വനിതകളാണ്. തൊഴിൽ/താമസാനുമതി നിയമ ലംഘകർ, വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ തുടങ്ങിയവരെയാണു നാടുകടത്തിയത്. 16,000 ഈജിപ്തുകാരും 14,000 ബംഗ്ലദേശുകാരും 5,000 വീതം ശ്രീലങ്ക, നേപ്പാളുകാരും 4000 ഇത്യോപ്യക്കാരും 1700 ഫിലിപ്പീൻസുകാരുമാണ് നാടുകടത്തപ്പെട്ട പുരുഷന്മാർ.

വനിതകളിൽ 14000 ഇത്യോപ്യക്കാരും 13500 ഫിലിപ്പീൻസുകാരുമുണ്ട്. 12000 ശ്രീലങ്കൻ വനിതകളും 5000 നേപ്പാൾ വനിതകളും ഈജിപ്തുകാരായ 400 വനിതകളും ബംഗ്ലദേശുകാരായ 200 വനിതകളുമാണ് പട്ടികയിലുള്ളത്. അതേസമയം ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിന് മുൻപായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് ഏതാനും എം‌പിമാർ സാമ്പത്തികാര്യമന്ത്രി മറിയം അൽ അഖീലിനോട് ആവശ്യപ്പെട്ടു. ജനസംഖ്യാ അസന്തുലനം കുറയ്ക്കണമെന്ന എം‌പിമാരുടെ ആവശ്യവുമായി പൊരുത്തപ്പെടാത്ത നടപടികളാണ് സർക്കാരും മാൻപവർ അതോറിറ്റിയും കൈക്കൊള്ളുന്നതെന്നാണ് അവരുടെ ആക്ഷേപം. രാജ്യത്ത് വിദേശികളായ അവിദഗ്ധരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. വിദേശികളിൽ 70ശതമാനത്തിനും സർവകലാശാലാ ബിരുദമില്ലെന്നും അവർ പരാതിപ്പെടുന്നുണ്ട്. ഏതെങ്കിലും രാജ്യത്തിനു പ്രത്യേക പരിഗണന നൽകാതെ ക്വോട്ട നിശ്ചയിക്കാമെന്നു സർക്കാറും പാർലമെന്റും തമ്മിൽ ധാരണയായതാണ്. എന്നിട്ടും ചില രാജ്യക്കാരുടെ എണ്ണം സ്വദേശി ജനസംഖ്യയോട് അടുക്കുകയാണെന്നും അവർ പറഞ്ഞു.

Entertainment

Business