• Home
  • News
  • ഒരു മാർഗവുംഇല്ലാതെ കളിച്ച "മാർഗം കളി"
margham kali movie

ഒരു മാർഗവുംഇല്ലാതെ കളിച്ച "മാർഗം കളി"

ബിബിന്‍ ജോര്‍ജ് ഒരു പഴയ ബോംബ് കഥക്ക് ശേഷം നായകനായി എത്തുന്ന ചിത്രമാണ് മാര്‍ഗം കളി. രണ്ട് മണിക്കൂര്‍ മതിമറന്ന് ചിരിക്കാന്‍ കഴിയുന്ന ചിത്രമാണ്. പേര് പോലെ തന്നെ ഒരു മാര്‍ഗവും ഇല്ലാതെ ആകുമ്പോള്‍ നായകന്‍ കളിക്കുന്ന കളികളാണ് ചിത്രത്തില്‍ പറഞ്ഞു പോകുന്നത്. ശബ്ദം കൊണ്ട് ദുല്‍ഖറിന്റെ സാന്നിധ്യവും ചിത്രത്തില്‍ ഉണ്ട്.സത്യം പറഞ്ഞാല്‍ ഇത് ദുല്‍ഖറിന്റെ സിനിമ തന്നെയാണ് അതെങ്ങനെ എന്നു കണ്ടു തന്നെ അറിയണം. നായകന്റെ നഷ്ട പ്രണയവും തുടര്‍പ്രണയവും കാണിച്ചു മുന്നേറുന്നത്. നായകനായി ബിബിന്‍ ജോര്‍ജ് തന്റെ പ്രകടനം കൊണ്ട് ഏറെ മെച്ചപെട്ടിട്ടുണ്ട്. നമിത പ്രമോദിന്റെ തിരിച്ചുവരവ് നല്ല പ്രകടനം തന്നെയായിരുന്നു. ഹരീഷ് കണാരന്‍, ബൈജു, ധര്മ്മജന് എന്നിവര്‍ കൈകാര്യം ചെയ്ത തമാശ രംഗങ്ങള്‍ സിനിമയില്‍ ചിരിപടര്‍ത്തുന്നു.

സച്ചിതാനന്ദന്‍ എന്ന സച്ചിയായിട്ടാണ് നായകന്‍ സിനിമയിലെത്തുന്നത്. അമ്മ അച്ഛന്‍ എന്നിവര്‍ക്കൊപ്പം സുഖമായി വാഴുന്ന നായകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് കഥയില്‍ വളരെ രസകരമായി പറയുന്നത്. ആവശ്യത്തിന് സ്വത്തുക്കള്‍ ഉള്ളത് കൊണ്ട് വീട്ടുകാര്‍ സച്ചിയെ ജോലിക്കും വിടുന്നില്ല. സച്ചിയും കൂട്ടുകാരും വീട്ടുകാരും അടങ്ങുന്നതാണ് അവന്റെ ലോകം. അവിടേക്ക് അവിചാരിതമായി കടന്ന് വരുന്ന ഊര്‍മിള എന്ന നായികയിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. സിദ്ധീഖ്, ശാന്തി കൃഷ്ണ എന്നിവരുടെയും പ്രകടനങ്ങള്‍ എടുത്തു പറയേണ്ടതാണ്.ഗോപി സുന്ദറിന്റെ ഗാനങ്ങള്‍ സിനിമക്ക് അനുയോജ്യമായ രീതിയിലാണ്. സിനിമയിലെ രംഗങ്ങളുമായി ചേര്‍ന്നു പോകുന്ന തരത്തില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ് ചിലയിടങ്ങളില്‍ ലൈറ്റിങ് അമിതമായി തോന്നിയെങ്കിലും ഫ്രെയിം സെറ്റിങ് എല്ലാം നന്നായി വന്നിട്ടുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ചിരിച്ച് കാണാവുന്ന ചിത്രമാണ് മാര്‍ഗം കളി. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിന് ശേഷം ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി.