• Home
  • News
  • ഗൾഫിൽ അവധിക്കാലം; പ്രവാസികളെ ചൂഷണം ചെയ്ത് വിമാനക്കമ്പനികളുടെ കൊള്ള തുടരുന്നു
gulf news

ഗൾഫിൽ അവധിക്കാലം; പ്രവാസികളെ ചൂഷണം ചെയ്ത് വിമാനക്കമ്പനികളുടെ കൊള്ള തുടരുന്നു

ദുബായ്: ഗൾഫിൽ അവധിക്കാലം തുടങ്ങിയതിനാൽ വിമാനക്കമ്പനികൾക്ക് ഇത് ചാകരക്കാലം. ജൂൺ, ജൂലായ് മാസങ്ങളിൽ നാട്ടിലെത്തുന്ന പ്രവാസികൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മടങ്ങിപ്പോകും. ഈ തിരക്ക് മുതലാക്കി വിമാനക്കമ്പനികൾ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി പ്രവാസികളെ കൊള്ളയടിക്കും. കാലങ്ങളായി തുടരുന്ന ഈ ചൂഷണത്തിന് ഇന്നും അറുതി വന്നിട്ടില്ല. ഗൾഫിലേക്കുള്ള വിമാന സർവീസുകൾ കൂടിയതിനാൽ കൊള്ളയടിക്ക്‌ അല്പം മയം വന്നിട്ടുണ്ടെന്നു മാത്രം. ഗൾഫിൽ ഇപ്പോൾ സ്കൂൾ അടയ്ക്കുന്ന സമയമാണ്. അതിനാൽ അവിടെ നിന്ന്‌ മലയാളികൾ നാട്ടിലേക്ക്‌ കൂട്ടമായെത്തുന്നുണ്ട്. ഈ തിരക്ക് മുതലാക്കിയാണ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്.

ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടി വരെയാണ് വർധനയുണ്ടായിരിക്കുന്നത്. ദുബായ്-കൊച്ചി, ഷാർജ-കൊച്ചി നിരക്ക് 25,000-30,000 രൂപയാണ്. തിരക്കില്ലാത്തപ്പോൾ ദുബായിയിൽ നിന്ന്‌ കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് 5,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടും. ഇപ്പോൾ ഗൾഫിലെ വിവിധ ഇടങ്ങളിൽ നിന്ന്‌ കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 25,000 രൂപ മുതൽ 35,000 രൂപ വരെയാണ്. ജൂലായ് പകുതി വരെ കൂടിയ നിരക്ക് തുടരുകയും ചെയ്യും. കൂടുതൽ വിമാനങ്ങൾ ഗൾഫിലേക്ക്‌ സർവീസ് ആരംഭിച്ചതോടെ മുമ്പുണ്ടായതുപോലെ ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഇപ്പോഴില്ല. മുമ്പ് ടിക്കറ്റിനായി നെട്ടോട്ടമോടേണ്ട അവസ്ഥയുണ്ടായിരുന്നു. സർവീസുകൾ കൂടിയതോടെ ആ അവസ്ഥയ്ക്ക് മാറ്റം വന്നെങ്കിലും നിരക്ക് കുറയ്ക്കാൻ വിമാനക്കമ്പനികൾ തയ്യാറാകുന്നില്ല. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഉയർന്ന സ്ലാബിലുള്ള ടിക്കറ്റാണ് വിമാനക്കമ്പനികൾ വിറ്റഴിക്കുന്നത്. അതുകൊണ്ടാണ് ടിക്കറ്റിന് കൂടുതൽ തുക നൽകേണ്ടി വരുന്നത്.

ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ ഇന്ത്യൻ കമ്പനികളും ഫ്ളൈ ദുബായ് പോലുള്ള വിദേശ വിമാനക്കമ്പനികളും ഗൾഫ് മേഖലയിലേക്ക്‌ സർവീസ് ആരംഭിച്ചതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് യാത്രാതിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നിട്ടും നിരക്കിൽ കുറവ് വന്നിട്ടില്ല. അവധിക്ക് നാട്ടിൽ എത്തുന്നവർ ഓഗസ്റ്റ് പകുതി മുതൽ മടങ്ങിപ്പോകാൻ തുടങ്ങും. അതോടെ ഇവിടെ നിന്ന്‌ ഗൾഫിലേക്കുള്ള നിരക്ക് കുത്തനെ ഉയരും. സെപ്റ്റംബർ പകുതി വരെ കൂടിയ നിരക്കിലായിരിക്കും വിമാനക്കമ്പനികൾ ടിക്കറ്റ് വിറ്റഴിക്കുക. ജെറ്റ് എയർവേയ്‌സ് സർവീസ് നിർത്തിയതും നിരക്ക് കൂടാൻ കാരണമായിട്ടുണ്ട്. എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം ദുബായ് സർവീസിനായി ഉപയോഗിക്കാത്തതും യാത്രക്കാർക്ക് തിരിച്ചടിയായി. സീറ്റ് കുറയുന്നതിനനുസരിച്ച് നിരക്ക് കൂടും. ജൂലായിൽ ഡ്രീംലൈനർ വിമാനം സർവീസ് ആരംഭിച്ചാൽ നാട്ടിലെത്തി മടങ്ങുന്ന പ്രവാസികൾക്ക് അത് വലിയ അനുഗ്രഹമാകും.

Entertainment

Business