വാഹനം മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
ദമാം : സൗദി അറേബ്യയിലെ അല്‍ ഹസ്സക്ക് സമീപം വാഹനം മറിഞ്ഞു മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീര്‍-റമീസ ദമ്പതികളുടെ മകള്‍ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്. ദമാം ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്.
ദമാമിലെ ദാഇം എക്യുപ്‌മെന്റ് റെന്റല്‍ കമ്പനിയില്‍ ഡയറക്ടറാണ് ജംഷീര്‍. അല്‍ ഹസ്സക്ക് സമീപം അല്‍ ഉഖൈര്‍ എന്ന സ്ഥലത്താണ് അപകടം. ഐറിന്‍ ജാന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അവധിദിനത്തില്‍ ദമ്മാമില്‍ നിന്ന് അല്‍ഹസയിലേക്ക് യാത്രപോകവെയാണ് അപകടമുണ്ടായത്. ജംഷീറിന്റെ കുടുംബവും ഇവരുടെ സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങളുമാണ് സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്തിരുന്നത്. ഐറിന്‍ ജാനിന്റെ മൂത്ത സഹോദരിയും ദമാം ഇന്ത്യന്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തില്‍ ഉണ്ടായിരുന്നു. കുട്ടികളും ഒരു കുടുംബവും യാത്രചെയ്തിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.