• Home
  • News
  • ബഹ്റൈനില്‍ 33 പേര്‍ക്ക് കൊറോണ : ഇറാഖ്, ലെബനന്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി
bahrain-confirms-33-cases-of-novel-coronavirus

ബഹ്റൈനില്‍ 33 പേര്‍ക്ക് കൊറോണ : ഇറാഖ്, ലെബനന്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി

മനാമ: ബഹ്റൈനില്‍ പുതുതായി 7 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധിച്ചതോടെ ആകെ 33 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇറാനില്‌നിന്നെത്തിയ ഇവരെ ഉടന്‍ ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്ററിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവരോടൊപ്പം യാത്ര ചെയ്തവരും നിരീക്ഷണത്തിലാണ്. ദുബായ്, ഷാര്‍ജ ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയതായി ബഹ്റൈന്‍ വ്യോമയാന വകുപ്പ് അറിയിച്ചതിനു മുന്‍പ് യാത്ര ചെയ്തവരാണ് ഇവരെല്ലാവരും.

പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തേക്കുള്ള എല്ലാ ചെക്ക് പോയിന്റുകളിലും ഉള്ള പരിശോധന തുടരും. പ്രത്യേകിച്ച് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എത്തുന്ന എല്ലാവരെയും കര്ശനമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അതേ സമയം, രോഗം പടരുന്നത് തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ടെന്നും ആര്‍ക്കും പ്രരിഭ്രാന്തി വേണ്ടെന്നും അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ട്. വൈറസ് ബാധിച്ചിട്ടുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളവര്‍ 444 എന്ന നമ്പറില്‍ വിളിച്ചു മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്നു ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.

ഇതിനിടെ ബഹ്റൈന്‍ ദുബായ് സെക്ടറില്‍ ഫ്‌ലൈറ്റ് റദ്ദാക്കിയ നടപടി 48 മണിക്കൂര്‍ കൂടി നീട്ടിയതായി ഗള്‍ഫ് എയര്‍ അധികൃതര്‍ അറിയിച്ചു. കൂടാതെ ലെബനന്‍, ഇറാക്ക് സെക്ടറുകളില്‍ കൂടി ഇനിയൊരറിയിപ്പു ഉണ്ടാകുന്നതുവരെ ഫ്‌ലൈറ്റുകള്‍ നിര്‍ത്തിവെച്ചതായും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പൊതുജനാരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപ്പിയെന്നു അധികൃതര്‍ അറിയിച്ചു. നിരോധിച്ച ഫ്‌ലൈറ്റുകളുടെ വിശദവിവരങ്ങളറിയാനും റീഫണ്ട്, റീബുക്കിങ് തുടങ്ങിയ നടപടികള്‍ക്കായും യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ വെബ് സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.

യാത്രക്കാരുടെ സൗകര്യാര്ദ്ധം ഗള്‍ഫ് എയറിന്റെ സീഫിലെ സെയില്‍സ് ഓഫീസ് ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ഉച്ച കഴിഞ്ഞു 3 മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. ഇറാനിലേക്ക് താത്കാലികമായി യാത്ര നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍നിന്നു ബഹ്‌റൈനിലേക്കു യാത്ര ചെയ്യാനുള്ളവര്‍ 00973 17227555 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തു കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വര്ധിച്ചതിനെത്തുടര്‍ന്നാണ് ഇനിയൊരറിയിപ്പു ഉണ്ടാകുന്നതു വരെ യാത്ര നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഈ പ്രത്യേക സാഹചര്യത്തില്‍ ബഹ്റൈന്‍ വിമാനത്താവളത്തിലെത്തുന്ന ഫ്‌ലൈറ്റുകളുടെയും പുറപ്പെടുന്നവയുടെയും സമയത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വന്നേക്കാമെന്നും അതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ യാത്ര വിമാനത്താവളവുമായി ബന്ധപ്പെട്ടു വീണ്ടും ഉറപ്പു വരുത്തേണ്ടതാണെന്നും ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതിനായി യാത്രക്കാര്‍ക്ക് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി കാള്‍ സെന്ററുമായി 80007777 എന്ന നമ്പറിലോ 80114444 എന്ന ഇന്റര്‍നാഷണല്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ബഹ്റൈനില്‍നിന്നുള്ള ഉംറ യാത്രകളും റദ്ദാക്കിയതായി ബഹ്റൈന്‍ നീതിന്യായ, ഇസ്ലാമികകാര്യ വകുപ്പ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ അറിയിച്ചു. റോഡ്മാര്‍ഗവും വിമാനം വഴിയുമുള്ള യാത്രകള്‍ക്ക് ഇത് ബാധകമാണ്. ഹജ്ജ്, ഉംറ തീര്‍ഥാടകരെ വിലക്കിക്കൊണ്ടുള്ള സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നടപടികളുടെ ചുവടു പിടിച്ചാണ് ബഹ്റൈനും ഉംറ യാത്ര റദ്ദാക്കിയത്.

Recent Updates

OMAN LATEST NEWS

Business