• Home
  • Sports
  • കാൽ പന്തുകളിയിൽ ഭ്രാന്തമായ ആവേശവുമായി ആഷിഖ‌് റയൽ മാഡ്രിഡ് അക
Real Madrid

കാൽ പന്തുകളിയിൽ ഭ്രാന്തമായ ആവേശവുമായി ആഷിഖ‌് റയൽ മാഡ്രിഡ് അക്കാദമിയിലേക്ക്

കരുനാഗപ്പള്ളി: കാൽപന്തുകളിയുടെ ആവേശവുമായി കുലശേഖരപുരത്തെ ആഷിക് അഷ‌്റഫ് ഏഴിന‌് സ്പെയിനിലേക്ക്. ലോകത്തെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നായ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് ആണ് ഈ പ്രതിഭയെ ഏറ്റെടുക്കുന്നത്. ഫുട്ബോൾ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താൻ റയൽമാഡ്രിഡ് കഴിഞ്ഞ അവധിക്കാലത്ത് കോയമ്പത്തൂരിൽ നടത്തിയ സെലക‌്ഷൻ ക്യാമ്പിൽ നിന്നാണ് കേരളത്തിന്റെ അഭിമാനമായ ആഷിഖ‌് തെരഞ്ഞെടുക്കപ്പെട്ടത‌്. കുലശേഖരപുരം, കടത്തൂർ, വയലിൽ വീട്ടിൽ അഷ്റഫിന്റെയും ഷെർളിയുടെയും മകനാണ് ആഷിക് അഷറഫ്. പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഈ പതിനേഴുകാരൻ ഇനിമുതൽ റയൽ മാഡ്രിഡിന്റെ ഭാഗമാകും. പഠനത്തോടൊപ്പം പന്തുകളിയും ഭ്രാന്തമായ ആവേശമായി കൊണ്ടുനടന്ന ആഷിഖിന‌് മാതാപിതാക്കളും മികച്ച പിന്തുണ നൽകി. കൊട്ടാരക്കര എംജിഎം സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഈ വിദ്യാർഥി ഉൾപ്പെട്ട ടീം സംസ്ഥാനതലത്തിൽ നടന്ന നിരവധി മത്സരങ്ങളിൽ വിജയം കൈവരിച്ചു.

കഴിഞ്ഞവർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ കോയമ്പത്തൂരിൽ നടന്ന സെലക‌്ഷൻ ക്യാമ്പിൽ പങ്കെടുത്തപ്പോൾ ഏറെ പ്രതീക്ഷയുണ്ടായില്ലെന്ന‌് ആഷിഖ‌് പറഞ്ഞു. പിന്നീട് പ്രളയം നാടിനെ കീഴടക്കിയതോടെ സെലക‌്ഷൻ ക്യാമ്പിന്റെ റിസൾട്ട് ഒരു വർഷത്തോളം നീണ്ടു. കഴിഞ്ഞ ദിവസങ്ങളിൽ ആണ് അധികൃതരിൽ നിന്നും വിവരം അറിയുന്നത്. ആഷിഖിനൊപ്പം കൊട്ടാരക്കര കലയപുരം സ്വദേശി അലനും സെലക‌്ഷൻ ലഭിച്ചിട്ടുണ്ട്. തന്റെ കായിക സ്വപനങ്ങളുടെ പൂർത്തീകരണമായി റയൽ മാഡ്രിഡ് അക്കാദമിയിൽ തുടർ പരിശീലനവും പഠനവും ഉൾപ്പെടെ പൂർത്തിയാക്കാനാണ് ഇതോടെ അവസരമൊരുങ്ങിയിരിക്കുന്നത്. കേരളത്തിന്റെ അഭിമാനമായി ഭാവിയിലെ ഇന്റർനാഷണൽ ഫുട്ബോൾ പ്ലെയർ എന്നതിലേക്ക് കടത്തൂർ എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് ഒരു താരം ഉണ്ടാകുന്നു എന്ന് സന്തോഷത്തിലാണ് നാട്ടുകാരും ബന്ധുക്കളുമെല്ലാം. എംബിബിഎസ് വിദ്യാർഥികളായ ഹിസാന, ഹസ്മി എന്നിവരാണ് ആഷിഖിന്റെ സഹോദരങ്ങൾ.

Recent Updates