• Home
  • News
  • സൗദി-കുവൈറ്റ് അതിവേഗ റെയില്‍ 2028ല്‍ പൂര്‍ത്തിയാകും, രാജ്യ തലസ്ഥാനങ്ങളെ ബന്ധിപ്പ

സൗദി-കുവൈറ്റ് അതിവേഗ റെയില്‍ 2028ല്‍ പൂര്‍ത്തിയാകും, രാജ്യ തലസ്ഥാനങ്ങളെ ബന്ധിപ്പിക്കാന്‍ രണ്ടു മണിക്കൂര്‍

 

കുവൈറ്റ് സിറ്റി : കുവൈറ്റ്, സൗദി അറേബ്യ രാജ്യ തലസ്ഥാനങ്ങളെ രണ്ടു മണിക്കൂര്‍ കൊണ്ട് ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ അതിവേഗ റെയില്‍വേ നെറ്റ്വര്‍ക്ക് പദ്ധതി പുരോഗമിക്കുന്നു. പദ്ധതി 2028 ഓടെ പൂര്‍ത്തിയാകുമെന്ന് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം പ്രതീക്ഷിക്കുന്നു.

ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന തന്ത്രപ്രധാനമായ ജിസിസി റെയില്‍വേ നെറ്റ്വര്‍ക്ക് പദ്ധതിയുടെ ഭാഗമാണിത്. റിയാദ്-കുവൈറ്റ് അതിവേഗ റെയില്‍ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷമാണ് സൗദിയും കുവൈറ്റും ധാരണയിലെത്തിയത്. കരാറിന് 2023 സെപ്റ്റംബറില്‍ സൗദി മന്ത്രിസഭ അംഗീകാരം നല്‍കി.
റെയില്‍ ലിങ്കിന്റെ സാധ്യതാ പഠനം പൂര്‍ത്തിയാക്കാന്‍ സൗദി റെയില്‍വേയും സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ഫ്രാന്‍സിന്റെ സിസ്ട്രയെ 2023ല്‍ നിയോഗിക്കുകയുണ്ടായി. 650 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാതയാണ് നിര്‍മിക്കേണ്ടത്. പദ്ധതി മൂന്ന് ഘട്ടങ്ങളായി പൂര്‍ത്തിയാക്കും.

  • ഒന്നാം ഘട്ടം (മൂന്ന് മാസം): പ്രാരംഭ ഘട്ടത്തില്‍ പ്രോജക്റ്റ് പഠിക്കുകയും റൂട്ട് അന്തിമമാക്കുകയും ചെയ്യും. കുവൈറ്റിലെ അല്‍ ഷദ്ദാദിയയില്‍ നിന്ന് ആരംഭിച്ച് സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലൂടെയാണ് പാത കടന്നുപോകുന്നത്.
  • രണ്ടാം ഘട്ടം(ഒരു വര്‍ഷം): ഈ ഘട്ടത്തില്‍ റെയില്‍വേ ശൃംഖലയുടെ രൂപകല്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിക്കും.
  • മൂന്നാം ഘട്ടം (മൂന്ന് വര്‍ഷം): മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലാണ് റെയില്‍ ശൃംഖലയുടെ നിര്‍മാണം ഉള്‍പ്പെടുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പായിട്ടാണ് പദ്ധതിയെ കാണുന്നത്. ഉഭയകക്ഷി വ്യാപാര-സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ട്രെയിന്‍ മാര്‍ഗം ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുകയെന്നത് ദീര്‍ഘകാലമായുള്ള സ്വപ്‌നമാണ്. എല്ലാ ജിസിസി രാജ്യങ്ങളിലും റെയില്‍പാത നിര്‍മാണം നടന്നുവരുന്നതിനാല്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇത് യാഥാര്‍ഥ്യമാവും.
ഏകീകൃത ജിസിസി വിസ കൂടി വരുന്നതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും റെയില്‍ പാത വലിയ നേട്ടമായി മാറും. ഒറ്റ വിസയില്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ ഈ രാജ്യങ്ങള്‍ക്കിടയില്‍ യാത്ര സാധ്യമാവും. ജിസിസി റെയില്‍ ലിങ്ക് വര്‍ഷങ്ങളായി പരിഗണനയിലുണ്ടെങ്കിലും അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇടയ്ക്ക് ഉടലെടുത്ത അകല്‍ച്ച കാരണം ഏറെക്കാലം പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍വച്ചിട്ടുണ്ട്. സൗദിയും കുവൈറ്റും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണ്.

ജിസിസി റെയില്‍ പദ്ധതിക്ക് കഴിഞ്ഞ നവംബറില്‍ ഒമാനില്‍ ചേര്‍ന്ന അംഗരാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ യോഗം അംഗീകാരം നല്‍കുകയുണ്ടായി. ആറ് രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോവുക. ആകെ 2117 കിലോമീറ്റര്‍ ദൂരമുണ്ടാകും. 2030 ആകുമ്പോഴേക്കും എല്ലാ രാജ്യങ്ങളും അതാത് അതിര്‍ത്തിക്കുള്ളിലെ പാതകള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള പാതകളുമായി ബന്ധിച്ച് വേഗത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മിക്ക രാജ്യങ്ങളിലും പാതയുടെ നിര്‍മാണത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All